ഹൈദരാബാദ്: ഐപിഎല്‍ കളിയുമായി ബന്ധപ്പെട്ട് വാതുവയ്പ്പിന് പണം ചിലവഴിക്കാന്‍ തടസം നിന്ന അമ്മയെയും സഹോദരിയെയും യുവാവ് കൊലപ്പെടുത്തി. ഹൈദരാബാദ് സ്വദേശിയായ സായ്നാഥ് എന്ന യുവാവാണ് അമ്മ സുനിത, സഹോദരി അനുഷ എന്നിവരെ വിഷം കൊടുത്ത് കൊലപ്പെടുത്തിയത്. ഇക്കഴിഞ്ഞ നവംബര്‍ 23നായിരുന്നു സംഭവം.
സായ്നാഥിന്‍റെ പിതാവ് പ്രഭാകര്‍ മൂന്ന് വര്‍ഷം മുമ്പ് ഒരു അപകടത്തില്‍ മരിച്ചിരുന്നു. ഇതിനെ തുടര്‍ന്ന് ഇദ്ദേഹത്തിന്‍റെ ഇന്‍ഷുറന്‍സ് ക്ലെയിമായി ഇരുപത് ലക്ഷം രൂപ കുടുംബത്തിന് ലഭിച്ചിരുന്നു. ഇത് സുനിത സേവിംഗ്സ് ആയി ബാങ്കില്‍ ഡെപ്പോസിറ്റ് ചെയ്തിരുന്നു. കൂടാതെ സ്ഥലം വിറ്റ വകയില്‍ ലഭിച്ച തുകയും ബാങ്കില്‍ നിക്ഷേപിച്ചിരുന്നു. എന്നാല്‍ ഈ തുകയാണ് സായ്നാഥ് വാതുവയ്പ്പിനായി ചിലവഴിച്ചതെന്നാണ് പോലീസ് പറയുന്നത്.
ഐപിഎല്‍ വാതുവയ്പ്പിലൂടെ സായ്നാഥിന് ധാരാളം തുക നഷ്ടമായിരുന്നു. അമ്മയറിയാതെ അമ്മയുടെ സ്വര്‍ണ്ണാഭരണങ്ങളും ഇയാള്‍ വാതുവയ്പ്പിന് പണം കണ്ടെത്തുന്നതിനായി വിറ്റിരുന്നു. തുടര്‍ച്ചയായി പണം നഷ്ടപ്പെട്ട് കടംകേറിയതോടെയാണ് ബാങ്കിലെ സേവിംഗ്സില്‍ നിന്നും പണമെടുക്കാന്‍ യുവാവ് തീരുമാനിക്കുന്നത്. വിവരം അറിഞ്ഞ് അമ്മയും സഹോദരിയും എതിര്‍പ്പുമായെത്തി. ഇതിനെ തുടര്‍ന്നാണ് ഇവരെ ഇല്ലാതാക്കാന്‍ തീരുമാനിച്ചത്.
ഇക്കഴിഞ്ഞ നവംബര്‍ 23 ന് വീട്ടിലെ ഭക്ഷണത്തില്‍ വിഷമയമായ കെമിക്കല്‍ പില്‍സ് കലര്‍ത്തിയ ശേഷം സായ്നാഥ് ഒന്നുമറിയാത്ത പോലെ ജോലിക്ക് പോയി. ഉച്ചയ്ക്ക് ഭക്ഷണം കഴിച്ചശേഷം അമ്മയ്ക്കും സഹോദരിക്കും കനത്ത വയറുവേദന തുടങ്ങി. മകനും ഈ ഭക്ഷണം തന്നെ കഴിക്കുമെന്ന ആശങ്കയില്‍ സായ്നാഥിനെ ഫോണില്‍ വിളിച്ച അമ്മ, ഇയാളോട് വീട്ടില്‍ നിന്നും കൊണ്ടു പോയ ഭക്ഷണം കഴിക്കരുതെന്ന് മുന്നറിയിപ്പ് നല്‍കുകയും ചെയ്തു. കഴിക്കാനുള്ള ഭക്ഷണത്തില്‍ വിഷം ചേര്‍ത്തത് സ്വന്തം മകനാണെന്ന് അറിയാത്ത അമ്മ, സ്വന്തം അവസ്ഥ വഷളായപ്പോഴും ആ മകനെ കുറിച്ചാണ് ആദ്യം ചിന്തിച്ചത് എന്നതാണ് വിഷമകരമായ വസ്തുത.
അമ്മ ഫോണ്‍ വിളിച്ചതിന് പിന്നാലെ തന്നെ വീട്ടിലെത്തിയ സായ്നാഥ് എന്നാല്‍ ഇരുവരെയും ഉടന്‍ തന്നെ ആശുപത്രിയില്‍ കൊണ്ടു പോകാന്‍ തയ്യാറായില്ല. അമ്മയും സഹോദരിയും അബോധാവസ്ഥയിലാകുന്നത് വരെ കാത്തിരുന്ന യുവാവ് ഇതിനു ശേഷം രണ്ടു പേരെയും ആശുപത്രിയിലെത്തിച്ചു.
ചികിത്സയിലിരിക്കെ സുനിത നവംബര്‍ 27നും അനുഷ തൊട്ടടുത്ത ദിവസവും മരണത്തിന് കീഴടങ്ങി. ഇരുവരുടെയും അന്ത്യകര്‍മ്മങ്ങളൊക്കെ പൂര്‍ത്തിയായ ശേഷമാണ് സായ്നാഥ് താന്‍ ചെയ്ത ക്രൂരത ബന്ധുക്കളോടും മറ്റ് കുടുംബാംഗങ്ങളോടും വെളിപ്പെടുത്തിയത്. ഇവര്‍ നല്‍കിയ പരാതിയുടെ അടിസ്ഥാനത്തില്‍ പോലീസ് യുവാവിനെ അറസ്റ്റ് ചെയ്യുകയായിരുന്നു.