കോഴിക്കോട് : തിരുവനന്തപുരം വിമാനത്താവളം കേന്ദ്രീകരിച്ചുണ്ടായ സ്വര്‍ണക്കടത്ത് കേസിൽ മുഖ്യമന്ത്രി പിണറായി വിജയന്‍റെ രാജി ആവശ്യപ്പെട്ട് കോഴിക്കോട് കളക്ട്രേറ്റിലേക്ക് യൂത്ത് ലീഗ് നടത്തിയ മാര്‍ച്ചിൽ സംഘർഷം. മാര്‍ച്ചിനിടെ ബാരിക്കേഡ് തള്ളിമാറ്റാൻ ശ്രമിച്ച പ്രവര്‍ത്തകര്‍ക്ക് നേരെ പോലീസ് ജലപീരങ്കി പ്രയോഗിച്ചു. പ്രവര്‍ത്തകര്‍ പിരിഞ്ഞു പോകാതിരുന്നതോടെ പോലീസ് ഗ്രനേഡും കണ്ണീര്‍വാതകവും പ്രയോഗിച്ചു. നാല് യൂത്ത് ലീഗ് പ്രവര്‍ത്തകര്‍ക്ക് പരിക്കേറ്റു. ഇവരെ ആശുപത്രിയിലേക്ക് മാറ്റി.
സാധാരണയിൽ നിന്നും വ്യത്യസ്ഥമായി വലിയ പ്രതിഷേധം ഉണ്ടാകുന്നതിന് മുമ്പ് തന്നെ പ്രവര്‍ത്തകര്‍ക്ക് നേരെ പോലീസ് ജലപീരങ്കിയും ഗ്രനേഡും പ്രയോഗിച്ചു. അഞ്ചിലേറെ തവണ ഗ്രനേഡ് പ്രയോഗിച്ചതായാണ് വിവരം. സമരത്തിന്‍റെ ഉദ്ഘാടനത്തിന് മുമ്പാണ് പ്രവര്‍ത്തകര്‍ക്ക് നേരെ പോലീസ് ഗ്രനേഡടക്കം പ്രയോഗിച്ചത്. പിന്നീട് എം കെ മുനീറെത്തി പ്രതിഷേധസമരം ഉദ്ഘാടനം ചെയ്തു. യൂത്ത് ലീഗ് നേതാവ് പികെ ഫിറോസ് അടക്കം പങ്കെടുത്തു. ഉദ്ഘാടനത്തിന് പിന്നാലെ വീണ്ടും വലിയ പ്രതിഷേധമുണ്ടായി. പിന്നാലെ പോലീസ് ലാത്തി വീശി. വീണ്ടും കണ്ണീര്‍ വാതകം പ്രയോഗിച്ചു.
സ്വര്‍ണ്ണക്കടത്തുമായി ബന്ധപ്പെട്ട് മുഖ്യമന്ത്രിയുടെ രാജി ആവശ്യപ്പെട്ട് സംസ്ഥാന വ്യാപകമായി വലിയ പ്രതിഷേധമാണ് ഉയരുന്നത്. വിഷയത്തിൽ മുഖ്യമന്ത്രിക്കും ഓഫീസിനും പങ്കുണ്ടെന്ന നിലപാടിലാണ് പ്രതിപക്ഷം. വിവിധ ജില്ലകളില്‍ യുവജനസംഘടനകളുടെ പ്രതിഷേധം നടക്കുന്നുണ്ട്. മുഖ്യമന്ത്രിയുടെ ഓഫീസിൻ്റെ പങ്ക് അന്വേഷിക്കണമെന്നാവശ്യപ്പെട്ട് കണ്ണൂരിൽ യുത്ത് കോൺഗ്രസും മുഖ്യമന്ത്രിയുടെ വസതിയിലേക്ക് മാര്‍ച്ച് നടത്തി.