പത്തനാപുരം : രാത്രി ഭക്ഷണം കഴിച്ച് കിടന്നുറങ്ങിയ പതിനേഴുകാരനെ കാണാനില്ല. കടശേരി മുക്കലാംപാട് സ്വദേശിയെ 19നു രാത്രി 10 മുതലാണ് കാണാതായത്. രാത്രി ഭക്ഷണം കഴിച്ചു കിടന്നുറങ്ങുന്നതു കണ്ടതായി വീട്ടുകാര്‍ പറയുന്നു. രാത്രി ഒന്‍പതു വരെ സുഹൃത്തുക്കളോടൊപ്പം ഉണ്ടായിരുന്നതായി അവരും സമ്മതിക്കുന്നു. മൊബൈല്‍ ഫോണും കാണാതായിട്ടുണ്ട്.
അടുത്തടുത്തുള്ള മൂന്നിടങ്ങളിലായാണ് കൗമാരക്കാരനും കുടുംബവും ഉറങ്ങാറുള്ളത്. പണി തീരാത്ത വീട്ടില്‍ സഹോദരനും കൃഷിയിടത്തില്‍ സ്ഥാപിച്ച ഇടയ്ക്കുള്ള ഷെഡില്‍ പതിനേഴുകാരനും ഒടുവിലത്തെ ഷെഡില്‍ മാതാപിതാക്കളും. ജോലി കഴിഞ്ഞെത്തിയ സഹോദരന്‍ ആഹാരം കഴിച്ച ശേഷം അനുജന്റെ ഷെഡില്‍ പോയ ശേഷമാണ് ഉറങ്ങാന്‍ പോയത്. ഈ സമയം അനുജന്‍ ഉറങ്ങുകയായിരുന്നെന്ന് സഹോദരന്‍ പറഞ്ഞു.
പതിനേഴുകാരന്‍ സാധാരണയായി രാവിലെ 10നു ശേഷമാണ് എഴുന്നേല്‍ക്കാറുള്ളത്. ജോലി കഴിഞ്ഞെത്തിയ മാതാപിതാക്കള്‍ അന്വേഷിക്കുമ്പോഴാണ് സ്ഥലത്തില്ലെന്ന വിവരം അറിയുന്നത്. ആകെയുള്ള മൂന്നു ജോഡി ചെരിപ്പും വസ്ത്രങ്ങളും വീട്ടില്‍ തന്നെയുണ്ട്. മൊബൈല്‍ ഗെയിം കളിക്കുക, വനത്തിലെത്തുന്ന കൊമ്പനാനയുടെ ചിത്രം പകര്‍ത്തുക എന്നിവയാണ് ഇഷ്ട വിനോദങ്ങളെന്നു പറയുന്നു. രണ്ട് ദിവസമായി തിരച്ചില്‍ നടത്തിയിട്ടും കണ്ടെത്താന്‍ കഴിഞ്ഞില്ല.
ഇന്നലെ രാവിലെ പോലീസ് ഡോഗ് സ്ക്വാഡ്, ഹെലിക്യാം എന്നിവയുടെ സഹായത്തോടെ പരിശോധന നടത്തി. വനം വകുപ്പ്, പോലീസ് എന്നിവർ നാട്ടുകാരുമായി സഹകരിച്ചു സംയുക്തമായാണ് വനത്തില്‍ പരിശോധന നടത്തിയത്.
ഗ്രാമത്തില്‍ നിന്നും പുറത്തേയ്ക്കുള്ള വഴികളിലേക്കു പോകുന്നയിടങ്ങളിലെ മുഴുവന്‍ സിസിടിവിയും പരിശോധിക്കാന്‍ പോലീസ് തീരുമാനിച്ചു. പതിനേഴുകാരന്റെ തിരോധാനത്തെക്കുറിച്ചു വ്യക്തത വരുത്തുമെന്നു പത്തനാപുരം സിഐ ജെ.രാജീവ്, റേഞ്ച് ഓഫീസര്‍ എസ്.അനീഷ് എന്നിവര്‍ പറഞ്ഞു.