പത്തനംതിട്ട : പന്തളത്ത് പ്രണയത്തിന്‍റെ ഇരുപത്തി ഒന്ന് വയസ്സുകാരനെ തട്ടിക്കൊണ്ട് പോയി മര്‍ദ്ദിച്ച് കൊലപ്പെടുത്താന്‍ ശ്രമിച്ചതായി പരാതി. മര്‍ദ്ദനത്തില്‍ ഗുരുതരമായി പരിക്കേറ്റ യുവാവിന്റെ ചലന ശേഷി നഷ്ടപ്പെട്ടിട്ടും പോലീസ് പ്രതികള്‍ക്കെതിരെ കേസെടുത്തത് നിസ്സാര വകുപ്പുകള്‍ ചുമത്തി. സംഭവത്തില്‍ പോലീസ് നിര്‍ധന കുടുംബത്തിന് നീതി നിഷേധിക്കുന്നതായും പ്രതികളെ സംരക്ഷിക്കുന്നതായും പരാതിക്കാര്‍ ആരോപിച്ചു.
കുരമ്പാല വല്ലാറ്റൂര്‍ പടിഞ്ഞാറ്റേതില്‍ കുഞ്ഞുമോളുടെ മകന്‍ അനീഷിനെയാണ് നംവബര്‍ 25ന് പന്തളം സ്വദേശിയായ അജയനും സംഘവും മര്‍ദ്ദിച്ച് കൊലപ്പെടുത്താന്‍ ശ്രമിച്ചത്. അജയന്റെ ബന്ധുവായ യുവതിയുമായി അനീഷ് പ്രണയത്തിലായതാണ് മര്‍ദ്ദനത്തിന് കാരണം. സംഘം ചേര്‍ന്നുള്ള മര്‍ദ്ദനത്തില്‍ തലക്ക് ഗുരുതരമായി പരിക്കേറ്റ് കോമയിലായ അനീഷിന് കോട്ടയം മെഡിക്കല്‍ കോളജിലെ ദിവസങ്ങള്‍ നീണ്ട ചികിത്സക്ക് ശേഷമാണ് ബോധം വീണ്ടെടുക്കാനായത്. എന്നാല്‍ ക്രുരമായ മരദ്ദനത്തെ തുടര്‍ന്ന് 21 വയസ് മാത്രം പ്രായമുള്ള അനീഷ് ഇപ്പോള്‍ പൂര്‍ണമായും ചലന ശേഷി നഷ്ടപ്പെട്ട നിലയിലാണ് .
അക്രമം നടന്ന ദിവസം ജോലി കഴിഞ്ഞ് മടങ്ങും വഴി അനീഷിനെയും സുഹൃത്തുക്കളെയും വഴിയില്‍ തടഞ്ഞ അക്രമി സംഘം യുവാവിനെ മര്‍ദ്ദിക്കുകയും സുഹൃത്തുക്കളെ വിരട്ടിയോടിക്കുകയും ചെയ്തു. എന്നാല്‍ മര്‍ദ്ദനം അവസാനിപ്പിക്കാതെ അജയനും കൂട്ടരും അനീഷിനെ തട്ടിക്കൊണ്ട് പോയി വീണ്ടും മര്‍ദ്ദിച്ച ശേഷം ആശുപത്രിയില്‍ ഉപേക്ഷിച്ച് മടങ്ങുകയായിരുന്നു. സംഭവത്തില്‍ മാതാവ് കുഞ്ഞുമോളുടെ പരാതിയില്‍ പന്തളം പോലീസ് കേസ് എടുത്തെങ്കിലും യുവാവ് ബൈക്കില്‍ നിന്ന് വീണ് പരിക്കേറ്റതായാണ് എഫ്.ഐ.ആറില്‍ രേഖപ്പെടുത്തിയിട്ടുള്ളത്. കൂടാതെ കുറ്റക്കാര്‍ക്കെതിരെ നിസ്സാര വകുപ്പുകള്‍ ചുമത്തി കേസെടുത്ത പോലീസ് പ്രതികളെ അറസ്റ്റ് ചെയ്ത ശേഷം സ്റ്റേഷന്‍ ജാമ്യത്തില്‍ വിട്ടതായും പരാതിക്കാര്‍ ആരോപിക്കുന്നു.
ഭര്‍ത്താവ് ഉപേക്ഷിച്ച കുഞ്ഞുമോള്‍ പെട്രോള്‍ പമ്പിലെ ജോലിയില്‍ നിന്ന് ലഭിക്കുന്ന തുച്ഛമായ വരുമാനത്തിലാണ് ഇപ്പോഴും ഗുരുതരാവസ്ഥയില്‍ തുടരുന്ന അനീഷിന്റെ ചികിത്സാ ചെലവുകള്‍ നടത്തുന്നത്. സംഭവത്തില്‍ ഗുരുതര അനാസ്ഥ കാട്ടിയ ഉദ്യോഗസ്ഥര്‍ക്കെതിരെ നടപടിയെടുക്കണമെന്നും നിര്‍ധന കുടുബത്തിന് നീതി നിഷേധിക്കുന്ന പോലീസ് നടപടി അവസാനിപ്പിക്കണമെന്നും ഇന്‍റര്‍നാഷണല്‍ ഡമോക്രാറ്റിക് പാര്‍ട്ടി നേതാക്കള്‍ വാര്‍ത്താ സമ്മേളനത്തില്‍ ആവശ്യപ്പെട്ടു.