കോഴിക്കോട് : പുതുപ്പാടി വെണ്ടേക്കുംചാലില്‍ യുവാവ് കുത്തേറ്റ് മരിച്ച കേസിലെ പ്രതിയായ സുഹൃത്ത് അറസ്റ്റില്‍. വെണ്ടേക്കുംചാലില്‍ വാടകയ്ക്ക് താമസിക്കുന്ന പൂലോട് വേനക്കാവ് മിച്ചഭൂമിയിലെ കണ്ടന്‍കുന്നുമ്മല്‍ ശ്രീധരന്റെ മകന്‍ റെജിയെ കുത്തികൊലപ്പെടുത്തിയ കേസിലാണ് പൂലോട് സ്വദേശി സബിന്‍ സി. ബേബി (കുട്ടന്‍-35)യെ താമരശ്ശേരി ഡിവൈഎസ്പി പി പി പൃഥ്വിരാജിന്റെ നേതൃത്വത്തില്‍ അറസ്റ്റ് ചെയ്തത്.
ഞായാറാഴ്ച വൈകിട്ടാണ് വെണ്ടേക്കുംചാല്‍ വോളിബോള്‍ ഗ്രൗണ്ടിന് പിന്‍ഭാഗത്തെ റോഡില്‍ വെച്ച് റെജിയ്ക്ക് കുത്തേറ്റത്. മുന്‍ വൈരാഗ്യത്തെ തുടര്‍ന്ന് റെജിയെ ആളൊഴിഞ്ഞ സ്ഥലത്തെത്തിച്ച് അക്രമിക്കുകയായിരുന്നെന്നാണ് പോലീസ് പറയുന്നത്. നിലവിളി കേട്ടെത്തിയ റെജിയുടെ ബന്ധു ജിനീഷിനും കുത്തേറ്റിരുന്നു.
അക്രമത്തിനിടെ പരുക്കേറ്റ് താമരശ്ശേരി താലൂക്ക് ആശുപത്രിയില്‍ ചികിത്സയിലായിരുന്നു പ്രതി സബിന്‍. അവിടെ നിന്നാണ് സബിനെ പോലീസ് കസ്റ്റഡിയിലെടുത്തത്. കൊലപാതകത്തിന് പുറമെ പട്ടിതജാതിവിഭാഗത്തിനെതിരായ അതിക്രമങ്ങള്‍ക്കെതിരെയുമാണ് പോലീസ് പ്രതിക്കെതിരെ കേസെടുത്തിരിക്കുന്നത്.