പാലക്കാട്: ഷൊർണുർ റെയിൽവേ സ്റ്റേഷനിൽ മേൽപ്പാലത്തിന് മുകളിൽ കയറി നിന്ന് യുവാവിന്റെ ആത്മഹത്യാ ഭീഷണി. ഇന്നലെ രാത്രിയായിരുന്നു നാടകീയമായ സംഭവങ്ങൾ. റെയിൽവെയുടെ ഹൈടെൻഷൻ വൈദ്യുതി ലൈൻ കടന്ന് പോകുന്നതിന് തൊട്ടുമുകളിലായാണ് ഇയാൾ മേൽപ്പാലത്തിലെ വേലിക്ക് പുറത്ത് ട്രാക്കിന് അഭിമുഖമായി പിടിച്ചുതൂങ്ങി നിന്നത്. വിവരമറിഞ്ഞ് പോലീസും അഗ്നിശമന സേനയും റെയിൽവെ ഉദ്യോഗസ്ഥരും സ്ഥലത്തെത്തി. ഇയാളെ സംസാരിച്ച് അനുനയിപ്പിച്ച് ഇറക്കാൻ ശ്രമം തുടങ്ങി. ഈ സമയം തന്നെ സ്റ്റേഷനിലെ നാല് അഞ്ച് പ്ലാറ്റ്ഫോമുകളിൽ വരേണ്ട ട്രെയിനുകൾ പിടിച്ചിട്ട ശേഷം വൈദ്യുതി ലൈനുകൾ ഓഫാക്കി വൈദ്യുതി ബന്ധം വിച്ഛേദിച്ചു.
അഗ്നിശമന സേനാ അംഗങ്ങൾ താഴെ വലയുമായി നിൽക്കുകയും ചെയ്തു. ബംഗാൾ സ്വദേശി ക്രിസ്റ്റം ഒറാവോൺ (30) ആയിരുന്നു പാലത്തിന് മുകളിൽ കയറി നിന്നത്. സീനിയർ ഫയർ ആൻഡ് റെസ്ക്യൂ ഓഫീസർ ഡി.രാജേഷ്‌കുമാറിന്റെ നേതൃത്വത്തിൽ ഒടുവിൽ അഗ്നിരക്ഷാ സേനാംഗങ്ങൾ ഇയാൾക്കരികിലെത്തി പിടിച്ച് മുകളിലേക്ക് ഉയർത്തി രക്ഷപെടുത്തുകയായിരുന്നു. രാത്രി 11.15 വരെ നീണ്ടുനിന്ന നാടകീയ സംഭവങ്ങൾക്കിടെ രാജ്യറാണി എക്സ്പ്രസ് ഉൾപ്പടെ മൂന്ന് ട്രെയിനുകൾ വൈകുകയും ചെയ്തു.