പെരുമ്പാവൂര്‍ : മോഷണത്തിന് പദ്ധതിയിട്ടിറങ്ങിയ മൂന്നുപേരെ കുന്നത്തുനാട് പോലീസ് അറസ്റ്റ് ചെയ്തു. കോതമംഗലം വാരപ്പെട്ടി കാഞ്ഞിരത്തിങ്കല്‍ വീട്ടില്‍ സുബിന്‍ (22), കരിങ്ങാച്ചിറ, ഇരുമ്പനം, പാലത്തിങ്കല്‍ വീട്ടില്‍ ദേവദത്തന്‍ (18) പ്രായപൂര്‍ത്തിയാകാത്ത ഒരാള്‍ എന്നിവരെയാണ് അറസ്റ്റ് ചെയ്തത്. ഇവര്‍ സഞ്ചരിച്ച ഗുഡ്‌സ് അപേ ഓട്ടോയും, പള്ളിക്കരയില്‍ നിന്ന് മോഷ്ടിച്ച ഒരു പള്‍സര്‍ മോട്ടോര്‍സൈക്കിളും പോലീസ് കണ്ടെടുത്തു.
ജില്ലാ പോലീസ് മേധാവി കെ.കാര്‍ത്തിക്കിന്റെ നേതൃത്വത്തില്‍ പ്രത്യക സംഘം രൂപീകരിച്ച് അന്വേഷണം നടക്കുന്നതിനിടയിലാണ് പ്രതികള്‍ പിടിയിലാക്കുന്നത്. പകല്‍ മോഷണ സ്ഥലം കണ്ടു വച്ച ശേഷം രാത്രി ഓട്ടോയിലും ബൈക്കിലുമായി എത്തിയാണ് മോഷണം നടത്തുന്നത്. രാത്രി പോലീസിനെ കണ്ട സംഘം ഓടി രക്ഷപ്പെടാന്‍ ശ്രമിച്ചെങ്കിലും പോലീസ് സാഹസികമായി പിന്തുടര്‍ന്ന് പിടികൂടുകയായിരുന്നു.
സുബിന്‍ 2016 ല്‍ കോതമംഗലം പോലീസ് സ്റ്റേഷനില്‍ മോഷണകേസ്സില്‍ പ്രതിയാണ്. ദേവദത്തന് ഹില്‍പാലസ്സ്, പുത്തന്‍കുരിശ് എന്നീ സ്റ്റേഷനുകളിലായി മോഷണം ഉള്‍പ്പെടെ 6 കേസുകളുണ്ട്. ഡി വൈ എസ് പി . ഇ.പി.റെജി, ഇന്‍സ്‌പെക്ടര്‍ വി.ടി.ഷാജന്‍, എസ് ഐമാരായ എംപി.എബി, ഒ.വി.സാജന്‍, കെ.പി.ഏലീയാസ്, എ എസ് ഐ സി.ഒ.സജീവ്, എസ് സി പി ഒ അബ്ദുള്‍ മനാഫ്, സി പി ഒ ടി.സന്ദീപ്, പ്രഭകരന്‍, റോബിന്‍ ജോയി എന്നിവരാണ് സംഘത്തില്‍ ഉണ്ടായിരുന്നത്.
കോടതിയില്‍ ഹാജരാക്കിയ പ്രതികളെ റിമാന്റ് ചെയ്തു. രാത്രികാല പരിശോധന ശക്തമാക്കിയിട്ടുണ്ടെന്നും, ഇതിനായി പ്രത്യേക പോലീസ് ടീമുകളെ നിയോഗിച്ചിട്ടുണ്ടെന്നും എസ്‌പി കാര്‍ത്തിക് പറഞ്ഞു.