തിരുവനന്തപുരം: തിരുവനന്തപുരം നെടുമങ്ങാട് മദ്യപിക്കാന്‍ പണം നല്‍കാത്തതിന് യുട്യൂബറുടെ കാര്‍ അടിച്ചുതകര്‍ത്തെന്ന് പരാതി. നെടുമങ്ങാട് നെട്ട സ്വദേശി കാര്‍ത്തിക് മണിക്കുട്ടന്റെ കാറാണ് ശനിയാഴ്ച രാത്രി മൂന്നംഗ സംഘം തകര്‍ത്തത്. കാറില്‍ ഉണ്ടായിരുന്ന രണ്ടര ലക്ഷം രൂപ വിലവരുന്ന ക്യാമറ എടുത്തുകൊണ്ടു പോയതായും പരാതിയുണ്ട്. നെടുമങ്ങാട് പോലീസ് കേസെടുത്തു. രാത്രി 12 മണിയോടെ കാര്‍ത്തിക്കിന്റെ വീട്ടുവളപ്പില്‍ കിടന്ന കാര്‍, നമ്പര്‍ പ്ലേറ്റ് മറച്ച ബൈക്കിലെത്തിയ മൂന്നംഗ സംഘം അടിച്ചുതകര്‍ത്തത്. കാറിന്റെ നാലു ഭാഗത്തുമുളള ഗ്ലാസ് തകര്‍ന്നിട്ടുണ്ട്.
കുറച്ചുനാളായി പട്ടാളം ഷിബു എന്നയാള്‍ മദ്യപിക്കാന്‍ പണം ചോദിക്കാറുണ്ടെന്നാണ് പരാതിയില്‍ കാര്‍ത്തിക് പറയുന്നത്. വെള്ളിയാഴ്ച രാത്രി വിളിച്ച സമയത്ത് പണം നല്‍കാന്‍ പറ്റില്ല എന്ന് കാര്‍ത്തിക് പറഞ്ഞിരുന്നു. ഇതോടെ കാര്‍ത്തിക്കിന്റെ അമ്മയെയും സഹോദരിയെയും ഇയാള്‍ അസഭ്യം പറഞ്ഞു. ഇതേ ദിവസം രാത്രിയിലാണ് ആക്രമണം നടന്നത്.