കണ്ണൂര്‍: വിവാദ യൂട്യൂബര്‍ തൊപ്പി എന്ന നിഹാദിനെ കണ്ണപുരം പോലീസ് അറസ്റ്റ് ചെയ്ത് സ്റ്റേഷന്‍ ജാമ്യത്തില്‍ വിട്ടു. കണ്ണപുരം പോലീസ് വളാഞ്ചേരിയിലെത്തി അറസ്റ്റ് രേഖപ്പെടുത്തിയ ശേഷമാണ് സ്റ്റേഷന്‍ ജാമ്യത്തില്‍ വിട്ടയച്ചത്. നേരത്തെ വളാഞ്ചേരി പോലീസ് രജിസ്റ്റര്‍ ചെയ്ത കേസിലും പ്രതിക്ക് സ്റ്റേഷന്‍ ജാമ്യം ലഭിച്ചിരുന്നു. ചോദ്യം ചെയ്യാന്‍ വിളിക്കുമ്പോള്‍ ഹാജരാകണമെന്നാണ് നിര്‍ദേശം. അശ്ലീല സംഭാഷണങ്ങള്‍ അടങ്ങിയ വീഡിയോ പ്രചരിപ്പിച്ചതിന് ഐടി ആക്ട് 67 പ്രകാരം തൊപ്പിക്കെതിരെ കണ്ണപുരം പോലീസ് കേസെടുത്തിരുന്നു. ഇന്ന് രാവിലെയാണ് കൊച്ചിയില്‍ നിന്ന് തൊപ്പിയെന്ന നിഹാദിനെ പോലീസ് കസ്റ്റഡിയിലെടുത്തത്.
വ്യാഴാഴ്ച അര്‍ധരാത്രിയാണ് കൊച്ചിയിലെത്തി പോലീസ് തൊപ്പിയെ കസ്റ്റഡിയില്‍ എടുത്തത്. സുഹൃത്തിന്റെ താമസസ്ഥലത്ത് കഴിയുകയായിരുന്നു ഇയാള്‍. പലതവണ വാതില്‍ തുറക്കാന്‍ ആവശ്യപ്പെട്ടെങ്കിലും ഇയാള്‍ കൂട്ടാക്കിയില്ല. തുടര്‍ന്ന് വാതില്‍ ചവിട്ടിപ്പൊളിച്ചാണ് പോലീസ് തൊപ്പിയെ അറസ്റ്റ് ചെയ്തത്. നിഹാദിന്റെ പക്കല്‍ അശ്ലീല വീഡിയോ ഉണ്ടെന്ന സൂചനകള്‍ ലഭിച്ചിട്ടുണ്ടെന്നും ലാപ്പ് ടോപ്പിലെ തെളിവുകള്‍ നശിപ്പിക്കാതിരിക്കാന്‍ വേണ്ടിയാണ് വാതില്‍ ചവിട്ടി പൊളിച്ചതെന്നും പോലീസ് പറയുന്നു.