കണ്ണൂര്‍: കണ്ണൂരില്‍ കൊവിഡ് രോഗികളുടെ എണ്ണം ക്രമാതീതമായി വര്‍ദ്ധിക്കുന്നതിനെ തുടര്‍ന്ന് കൊവിഡ് ആശുപത്രിക്കായി ആയിക്കരയിലെ സെഡ് പ്ലസ് ഫ്ളാറ്റ് സമുച്ചയം കളക്ടര്‍ ഏറ്റെടുത്തു. പരിസരവാസികളുടെയും താമസക്കാരുടെയും എതിര്‍പ്പിനിടെയാണ് ഇന്നലെ വൈകിട്ട് പോലീസ് സന്നാഹത്തോടെ എത്തി ജില്ലാ കളക്ടര്‍ ഫ്ളാറ്റ് ഏറ്റെടുത്തത്. കട്ടിലും കിടക്കയും മറ്റു സജ്ജീകരണങ്ങളുമെല്ലാം വാഹനത്തില്‍ എത്തിച്ചിരുന്നു. ഇതിനിടെ ഫ്ളാറ്റിലെ താമസക്കാരും പരിസരവാസികളും എതിര്‍പ്പുമായി രംഗത്തെത്തി. കൊവിഡ് പരിചരണ കേന്ദ്രമായാല്‍ ഇവിടെ കണ്ടെയിന്‍മെന്റ് സെന്ററാകുമെന്നും ചുറ്റും താമസിക്കുന്നവര്‍ക്ക് ബുദ്ധിമുട്ടാവുമെന്നും യാത്രാവിലക്കുണ്ടാവുമെന്നും അവര്‍ പറഞ്ഞു. ഇതേ തുടര്‍ന്ന് പോലീസുമായി വാക്കേറ്റം ഉണ്ടാവുകയും ചെയ്തു.
അതേസമയം സെഡ് പ്ലസ് കെട്ടിടത്തിന് കംപ്ലീഷന്‍ സര്‍ട്ടിഫിക്കറ്റ് ലഭിച്ചിട്ടില്ലെന്ന് കോര്‍പ്പറേഷന്‍ അധികൃതര്‍ അറിയിച്ചു. ഫ്ളാറ്റ് വാങ്ങിയവര്‍ ഇപ്പോള്‍ നിയമവിരുദ്ധമായാണ് താമസിക്കുന്നതെന്നും അവര്‍ അറിയിച്ചു. അധികൃതരുമായുള്ള ചര്‍ച്ചയെ തുടര്‍ന്നു താമസക്കാര്‍ ഒഴിയാന്‍ തീരുമാനിച്ചു. തുടര്‍ന്നുനടന്ന ചര്‍ച്ചയില്‍ കെട്ടിടവും പരിസരവും അണുവിമുക്തമാക്കാനും കണ്ടെയിന്റ്മെന്റ് സെന്റര്‍ ആയി പ്രഖ്യാപിക്കില്ലെന്നും അധികൃതര്‍ ഉറപ്പുനല്‍കി.
നിലവില്‍ 47 ഫ്ളാറ്റുകള്‍ ആണ് ഇവിടെയുള്ളത്. തുടക്കത്തില്‍ എഴുപത് പേരെ താമസിപ്പിക്കാനാണ് തീരുമാനം.
പരിയാരം ഗവ. ആയുര്‍വേദ കോളേജ് ആശുപത്രി, തളിപ്പറമ്പ് കരിമ്പത്തെ പഴയ സഹകരണ ആശുപത്രി കെട്ടിടം, പാലയാട് ഡയറ്റ് ഹോസ്റ്റല്‍ എന്നിവ കൊവിഡ് ആശുപത്രിയായി മാറ്റാന്‍ നേരത്തെ തീരുമാനിച്ചിരുന്നു. പരിയാരത്തെ ഗവ. മെഡിക്കല്‍ കോളേജ്, കണ്ണൂര്‍ ജില്ലാ ആശുപത്രി, തലശേരി ജനറല്‍ ആശുപത്രി, അഞ്ചരക്കണ്ടി കൊവിഡ് ആശുപത്രി എന്നിവിടങ്ങളിലാണ് നിലവില്‍ ജില്ലയിലെ കൊവിഡ് രോഗികളെ ചികിത്സിക്കുന്നത്.