കോഴിക്കോട്: കോഴിക്കോട് കുറ്റിക്കാട്ടൂർ സൈനബ വധക്കേസിൽ ഒരു പ്രതി കൂടി പിടിയിൽ. ഗൂഡല്ലൂർ സ്വദേശി ശരത് ആണ് പിടിയിലായത്. മുഖ്യപ്രതി സമദ്, കൂട്ടുപ്രതി സുലൈമാൻ എന്നിവരിൽ നിന്ന് സൈനബയുടെ സ്വർണ്ണം തട്ടിയെടുത്ത സംഘത്തിലുള്ളയാളാണ് ശരത്. ഇയാളിൽ നിന്ന് സൈനബയുടെ മാല ഉൾപ്പെടെ ആറര പവൻ സ്വർണ്ണവും കണ്ടെടുത്തു. ഗൂഡല്ലൂരിൽ നിന്നാണ് ശരത് പിടിയിലായത്. കോഴിക്കോട് ജെഎഫ്സിഎം മൂന്നാം കോടതിയിൽ ഹാജരാക്കിയ ശരതിനെ 14 ദിവസത്തേക്ക് റിമാന്റ് ചെയ്തു.
ഇക്കഴിഞ്ഞ പതിമൂന്നിനാണ് കേസിലെ മുഖ്യ പ്രതി സമദ് കുറ്റിക്കാട്ടൂര്‍ സ്വദേശി സൈനബയെ കൊലപ്പെടുത്തി നാടുകാണിച്ചുരത്തിലെ കൊക്കയില്‍ തള്ളിയതായി കോഴിക്കോട് കസബ പോലീസ് സ്റ്റേഷനിലെത്തി മൊഴി നല്‍കിയത്. സമദിന്‍റെ മൊഴിയുടെ അടിസ്ഥാനത്തില്‍ പോലീസ് നാടുകാണിച്ചുരത്തില്‍ പരിശോധന നടത്തി സൈനബയുടെ മൃതദേഹം കണ്ടെടുക്കുകയും ചെയ്തു. സ്ഥിരമായി സ്വര്‍ണാഭരണങ്ങള്‍ ധരിക്കുന്നയാളായിരുന്നു സൈനബ. സംഭവം നടക്കുമ്പോള്‍ 17 പവന്‍റെ സ്വര്‍ണാഭരണങ്ങള്‍ ഇവര്‍ അണിഞ്ഞിരുന്നു. കയ്യിൽ പണവും ഉണ്ടായിരുന്നു. ഈ മാസം ഏഴിന് മുക്കത്തിനടുത്ത് വെച്ചാണ് കൊല നടത്തിയത്. സൈനബക്ക് പരിചയത്തിലുള്ള സമദിനൊപ്പം കാറില്‍ പോവുകയായിരുന്നു. മുക്കത്തിന് സമീപത്തുവെച്ച് കാറില്‍ നിന്നും കഴുത്തുഞെരിച്ച് കൊലപ്പെടുത്തിയശേഷം മൃതദേഹം നാടുകാണി ചുരത്തിലെ കൊക്കയില്‍ തള്ളുകയായിരുന്നു. കൊലപാതകം പൂര്‍ണമായും ആസൂത്രിതമായാണ് നടത്തിയതെന്നാണ് എഫ്ഐആറില്‍ പറയുന്നത്.