ന്യൂഡൽഹി: രാജ്യത്തെ സർക്കാർ ആശുപത്രികളിലെ സേവനനിലവാരം പരിശോധിക്കാനായി പുതിയ ക്യാമ്പയിൻ പ്രഖ്യാപിച്ച് കോക്രോച്ച് ജനത പാർട്ടി (സി ജെ പി). പൊതുജനാരോഗ്യ രംഗത്ത് സമഗ്രമായ മാറ്റങ്ങൾ കൊണ്ടുവരേണ്ടതുണ്ടെന്നും കൃത്യമായ ചികിത്സ ലഭിക്കാതെ പൊതുജനങ്ങൾ വലിയ രീതിയിൽ ദുരിതമനുഭവിക്കുകയാണെന്നും പാർട്ടി കൺവീനർ അഭിജീത് ദീപ്കെ ചൂണ്ടിക്കാട്ടി. ഇതിന്റെ ഭാഗമായി സർക്കാർ ആശുപത്രികളിലെ നിലവിലെ പ്രവർത്തനങ്ങളും സേവനങ്ങളും പരിശോധിക്കുന്നതിനുള്ള സമഗ്രമായ പ്രചാരണ പരിപാടികൾക്കാണ് പാർട്ടി തുടക്കമിട്ടിരിക്കുന്നത്. ഗ്രാമീണ മേഖലയിലെ സ്കൂളുകളുടെ ശോചനീയാവസ്ഥ പരിഹരിക്കാൻ സംഘടിപ്പിച്ച ‘സ്കൂൾ ടീക് കരോ’ ക്യാമ്പയിന് പിന്നാലെയാണ് ആശുപത്രി ക്യാമ്പയിനും തുടങ്ങിയിരിക്കുന്നത്. ജനകീയ വിഷയങ്ങൾ ഏറ്റെടുത്തുള്ള മുന്നേറ്റമാണ് തങ്ങളുടെ ലക്ഷ്യമെന്ന് സി ജെ പി നേരത്തെ പ്രഖ്യാപിച്ചിരിരുന്നു. ഇതിന്‍റെ ഭാഗമായാണ് സ്കൂൾ, ആശുപത്രി വിഷയങ്ങളടക്കം സി ജെ പി സജീവമാക്കുന്നത്.
അതേസമയം സ്വാതന്ത്യദിനത്തിൽ സി ജെ പിയുടെ ഇൻസ്റ്റഗ്രാം അക്കൗണ്ടിന് പൂട്ട് വീണത് വലിയ ചർച്ചയായിരുന്നു. മണിക്കൂറുകൾക്കുള്ളിൽ അക്കൗണ്ട് പുനഃസ്ഥാപിച്ചെങ്കിലും രൂക്ഷ വിമർശനവുമായി സി ജെ പി സ്ഥാപകൻ അഭിജീത് ദിപ്കെ രംഗത്തെത്തിയിരുന്നു. ഗ്രാമങ്ങളിലെ സ്കൂളുകളിൽ ‘സ്കൂൾ ടീക്ക് കരോ ക്യാമ്പയിൻ’ മഹാരാഷ്ട്രയിലെ സ്വന്തം ഗ്രാമത്തിൽ തുടക്കമിട്ടുകൊണ്ടാണ് അഭിജീത് ദിപ്കെ സംസാരിച്ചത്. സ്വാതന്ത്ര്യ ദിനത്തിൽ പുലര്‍ച്ചെ 6 മണിയോടെയാണ് 26 ദശലക്ഷത്തിലധികം ഫോളോവേഴ്സുള്ള കോക്രോച്ച് ജനതാ പാർട്ടിയുടെ ഔദ്യോഗിക ഇൻസ്റ്റാഗ്രാം അക്കൗണ്ട് അപ്രത്യക്ഷമായത്




























