ചെന്നൈ : ചെന്നൈ വിമാനത്താവളത്തില്‍ നിന്നും 1.48 കോടി രൂപ വിലവരുന്ന 2.82 കിലോ സ്വര്‍ണം ചെന്നൈ കസ്റ്റംസ് എയര്‍ ഇന്റലിജന്‍സ് യൂണിറ്റ് ഉദ്യോഗസ്ഥര്‍ പിടികൂടി. രണ്ടുതവണയായി വിമാനത്താവളത്തിലെത്തിയ 14 പേരില്‍ നിന്നാണ് സ്വര്‍ണം പിടികൂടിയത്. സെപ്റ്റംബര്‍ 28നും 30നുമായി കസ്റ്റംസ് ഉദ്യോഗസ്ഥര്‍ നടത്തിയ പരിശോധനയിലാണ് വിമാനത്താവളം വഴി കടത്താന്‍ ശ്രമിച്ച സ്വര്‍ണം പിടികൂടിയത്.
സെപ്റ്റംബര്‍ 30 ന് ദുബായില്‍ നിന്നുമെത്തിയ ഏഴുപേര്‍ മലാശയത്തിലൊളിപ്പിച്ച് സ്വര്‍ണം കടത്താന്‍ ശ്രമിച്ചതായി ചോദ്യം ചെയ്യലില്‍ സമ്മതിച്ചിട്ടുണ്ട്. ഇവരില്‍ നിന്നു മാത്രം 75.5 ലക്ഷം വിലവരുന്ന 1.43 കിലോ സ്വര്‍ണമാണ് കണ്ടെടുത്തത്. മാത്രമല്ല സെപ്റ്റംബര്‍ 29ന് വിമാനത്താവളത്തിലെത്തിയ 7 പേരും മലാശയത്തില്‍ ഒളിപ്പിച്ചു തന്നെയാണ് സ്വര്‍ണം കടത്താന്‍ ശ്രമിച്ചത്. ഇവരില്‍ നിന്നും 72.51 ലക്ഷം രൂപയുടെ 1.39 കിലോ സ്വര്‍ണമാണ് പിടിച്ചെടുത്തത്. സ്വര്‍ണ്ണക്കടത്ത് നടത്താന്‍ ശ്രമിച്ചവര്‍ക്കെതിരെ കസ്റ്റംസ് ആക്‌ട് പ്രകാരം കേസ് രജിസ്റ്റര്‍ ചെയ്തിട്ടുണ്ട്.
ചെന്നൈ വിമാനത്താവളത്തിലൂടെയുള്ള സ്വര്‍ണ്ണക്കടത്ത് വ്യാപകമാവുകയാണ്. ദിവസങ്ങള്‍ക്കു മുമ്പാണ് മലദ്വാരം വഴി കടത്താന്‍ ശ്രമിച്ച സ്വര്‍ണ്ണം യാത്രക്കാരില്‍ നിന്നും പിടികൂടിയത്. ഇപ്പോള്‍ പിടിച്ചെടുത്ത ഒന്നരക്കോടിയുടെ സ്വര്‍ണം ലോക്ഡൗണ്‍ ആരംഭിച്ചതിനു ശേഷമുണ്ടായ ഏറ്റവും വലിയ സ്വര്‍ണവേട്ടയാണെന്നാണ് കസ്റ്റംസ് ഉദ്യോഗസ്ഥര്‍ വെളിപ്പെടുത്തിയത്.