തിരുവനന്തപുരം : കോവിഡ് ലോക്ക് ഡൗണിനെത്തുടർന്ന് ബവ്റിജസ് കോർപ്പറേഷന്‍ ഔട്ട് ലെറ്റുകൾ പൂട്ടിയതോടെ വ്യാജവാറ്റ് കേസുകൾ കുത്തനെ ഉയർന്നു. മേയ് മാസത്തിൽ എക്സൈസ് പിടിച്ചെടുത്തത് 1.48 ലക്ഷം ലിറ്റർ വാഷ്. സാധാരണ ഒരു മാസം ശരാശരി 15,000 ലിറ്ററിൽ താഴെ വാഷാണു പിടികൂടാറുള്ളത്.
കോഴിക്കോടുനിന്നാണ് കൂടുതൽ വാഷ് പിടിച്ചത്, 25,011 ലിറ്റർ. 1332 അബ്കാരി കേസുകളിലായി 212 പേരെ അറസ്റ്റു ചെയ്തു. മറ്റു സംസ്ഥാനങ്ങളിൽനിന്നു കൊണ്ടുവന്ന 6350 ലിറ്റർ മദ്യം പിടിച്ചെടുത്തു. വിവിധ ജില്ലകളിൽ നടത്തിയ പരിശോധനയിൽ 1791 ലിറ്റർ ചാരായം, 94 ലിറ്റർ വിദേശമദ്യം, 59 ലിറ്റർ ബിയര്‍, 56 ലിറ്റർ വൈന്‍, 763 ലിറ്റർ അരിഷ്ടം എന്നിവയും പിടിച്ചെടുത്തു. മദ്യക്കടത്തിന് ഉപയോഗിച്ച 81 വാഹനങ്ങളും പിടിയിലായി.