ബംഗളൂരു : കര്‍ണാടകയുടെ തലസ്ഥാനമായ ബംഗളൂരുവില്‍ അപ്പാര്‍ട്ട്‌മെന്റ് കോംപ്ലക്‌സിലെ 103 താമസക്കാര്‍ക്ക് കോവിഡ്. കൂട്ടത്തോടെ കോവിഡ് സ്ഥിരീകരിച്ച പശ്ചാത്തലത്തില്‍ അപ്പാര്‍ട്ട്‌മെന്റ് കോംപ്ലക്‌സ് കണ്ടെയ്ന്‍മെന്റ് സോണായി പ്രഖ്യാപിച്ചു.
എസ്‌എന്‍എന്‍ രാജ് ലേക്ക് വ്യൂ അപ്പാര്‍ട്ട്‌മെന്റ് കോംപ്ലക്‌സിലാണ് കൂട്ടത്തോടെ കോവിഡ് സ്ഥിരീകരിച്ചത്. ദിവസങ്ങള്‍ക്ക് മുമ്പ് വിവാഹവാര്‍ഷികത്തോടനുബന്ധിച്ച് കോംപ്ലക്‌സില്‍ രണ്ട് പാര്‍ട്ടികള്‍ സംഘടിപ്പിച്ചിരുന്നു. ഇതിന് പിന്നാലെയാണ് കൂട്ടത്തോടെ കോവിഡ് സ്ഥിരീകരിച്ചത്.
ദിവസങ്ങള്‍ക്ക് മുമ്പ് നിരവധി കേസുകള്‍ അപ്പാര്‍ട്ട്‌മെന്റുകളില്‍ നിന്ന് റിപ്പോര്‍ട്ട് ചെയ്തിരുന്നു. തുടര്‍ന്ന് ആരോഗ്യവകുപ്പ് വിപുലമായ തോതില്‍ നടത്തിയ പരിശോധനയിലാണ് ഇത്രയും പേര്‍ക്ക് കോവിഡ് ബാധിച്ചതായി കണ്ടെത്തിയത്. വിവിധ ഘട്ടങ്ങളിലായി 1190 പേരെയാണ് പരിശോധനയ്ക്ക് വിധേയമാക്കിയത്. ഇതിലാണ് 103 പേര്‍ക്ക് വൈറസ് ബാധ കണ്ടെത്തിയത്. ഇതില്‍ ഒരാള്‍ മാത്രം ആശുപത്രിയില്‍ ചികിത്സയില്‍ കഴിയുന്നതായി മുനിസിപ്പല്‍ അധികൃതര്‍ അറിയിച്ചു.