തൃശൂര്‍ : മണ്ണുത്തി – വടക്കഞ്ചേരി ആറുവരിപ്പാതയില്‍ പത്തുവര്‍ഷത്തിനിടെ നഷ്ടപ്പെട്ടത് 261 ജീവനുകള്‍. ഏഴുവര്‍ഷത്തിനിടെ മണ്ണുത്തിക്കും കുതിരാനുമിടയില്‍ 72 ജീവന്‍ പൊലിഞ്ഞു. നിര്‍മാണക്കരാര്‍ ഒപ്പിട്ട് 11 വര്‍ഷം പിന്നിട്ടിട്ടും പൂര്‍ത്തിയാവാത്ത ദേശീയപാതയുടെ തകര്‍ച്ചയാണ് അപകടങ്ങള്‍ക്ക് കാരണം. 2011ല്‍ സംസ്ഥാന സര്‍ക്കാര്‍ ഭൂമി ഏറ്റെടുത്ത് നല്‍കിയിരുന്നു.
815 കോടി രൂപക്കാണ് കെഎംസി കമ്പനി 2009ല്‍ കരാര്‍ ഉറപ്പിച്ചത്. കരാര്‍ തീയതി മുതല്‍ 30 മാസത്തിനുള്ളില്‍ പണിപുര്‍ത്തിയാക്കണമെന്നായിരുന്ന വ്യവസ്ഥ. എന്നാല്‍ വര്‍ഷങ്ങള്‍ പിന്നിട്ടിട്ടും ഇപ്പോഴും പണി പൂര്‍ത്തിയായിട്ടില്ല. തുരങ്കങ്ങളില്‍ ഒന്ന് ജനുവരിയോടെ തുറക്കുമെന്നാണ് കേന്ദ്ര ഗതാഗതമന്ത്രി നിതിന്‍ ഗഡ്കരിക്ക് ദേശീയപാത അതോറിറ്റിയും കരാറുകാരും അറിയിച്ചിരുന്നു. എന്നാല്‍ ഇതിനാവശ്യമായ സുരക്ഷാ ക്രമീകരണങ്ങളൊന്നും പൂര്‍ത്തീകരിച്ചിട്ടില്ല.