മുംബൈ : പതിനൊന്ന് വയസുകാരിയായ ബലാത്സംഗ അതിജീവിതയ്ക്ക് ഗർഭഛിദ്രത്തിന് അനുമതി നൽകി ബോംബെ ഹൈക്കോടതി. കുട്ടി 30 ആഴ്ച ഗർഭിണിയാണ്. നടപടിക്രമങ്ങൾക്ക് കുട്ടി മാനസികമായും ശാരീരികമായും സജ്ജമാണെന്ന് മെഡിക്കൽ പരിശോധനകളിൽ വ്യക്തമായതായും കോടതി ചൂണ്ടിക്കാട്ടി. ജസ്റ്റിസുമാരായ ഷർമിള ദേശ്മുഖ്, ജിതേന്ദ്ര ജെയ്ൻ എന്നിവർ അധ്യക്ഷരായ ബെഞ്ചിന്റേതാണ് വിധി. പെൺകുട്ടിയുടെ പിതാവ് നൽകിയ ഹർജി പരിഗണിക്കുകയായിരുന്നു കോടതി. ആദ്യം കുട്ടിയുടെ വയറിന്റെ വളർച്ച ശ്രദ്ധയിൽപ്പെട്ടിരുന്നുവെങ്കിലും വയറിലുള്ള അണുബാധയാകാം കാരണമെന്നാണ് കരുതിയതെന്ന് പിതാവ് ഹർജിയിൽ പറഞ്ഞിരുന്നു.
താനെയിലെ സ്വകാര്യ ആശുപത്രി കുട്ടിക്ക് മരുന്നും നൽകിയിരുന്നു. എന്നാൽ മാറ്റമൊന്നും ഇല്ലാതിരുന്നതോടെ മുംബൈയിലെ ആശുപത്രിയിലെത്തി പരിശോധിക്കുകയായിരുന്നു. ഇതോടെയാണ് കുട്ടി ഗർഭിണിയാണെന്ന് കണ്ടെത്തിയത്. സംഭവത്തിന് പിന്നാലെ പിതാവ് അജ്ഞാതനായ പ്രതിക്കെതിരെ പോലീസിൽ പരാതി നൽകുകയായിരുന്നു. സംഭവത്തിൽ പോക്സോ ഉൾപ്പെടെയുള്ള നിയമങ്ങൾ പ്രകാരം പോലീസ് കേസെടുത്തിട്ടുണ്ട്. ഭ്രൂണത്തിൽ നിന്നും രക്ത സാമ്പിൾ ശേഖരിക്കാനാണ് നിർദ്ദേശം. ഇത് ഭാവിയിലെ കേസന്വേഷണത്തിന് സുപ്രധാനമാകുമെന്നും കോടതി ചൂണ്ടിക്കാട്ടി.