ന്യൂഡല്‍ഹി: കോവിഡിനെ തുടര്‍ന്ന് അധിക സുരക്ഷ ഏര്‍പ്പെടുത്തുന്നതിനായി ചെലവഴിച്ച 11.7 കോടി രൂപ സംസ്ഥാന സര്‍ക്കാറിന് ഇപ്പോള്‍ തിരികെ നല്‍കാനാവില്ലെന്ന് പത്മനാഭസ്വാമി ക്ഷേത്രം. താല്‍ക്കാലിക ഭരണനിര്‍വഹണ കമ്മിറ്റിയാണ് സുപ്രീംകോടതിയില്‍ നിലപാടറിയിച്ചത്.
കോവിഡ് മൂലം ക്ഷേത്രത്തില്‍ ലഭിക്കുന്ന സംഭാവനകളില്‍ ഇടിവുണ്ടായിട്ടുണ്ട്. അതിനാല്‍ പണം നല്‍കാനാവില്ലെന്ന് ക്ഷേത്രം ഭരണസമിതി സുപ്രീംകോടതിയെ അറിയിച്ചു. ഇക്കാര്യത്തില്‍ ഇപ്പോള്‍ ഉത്തരവിടുന്നില്ലെന്നും ക്ഷേത്രം ഭരണസമിതിയുടെ ആവശ്യം സര്‍ക്കാര്‍ പരിഗണിക്കണമെന്നും കോടതി നിര്‍ദേശിച്ചു.
അതേസമയം, ക്ഷേത്രം ഭരണത്തിനായി നിയോഗിച്ച താല്‍ക്കാലിക കമ്മിറ്റി അതേ പോലെ തുടരുമെന്നും സുപ്രീംകോടതി വ്യക്തമാക്കി. സെപ്തംബറിലായിരിക്കും ക്ഷേത്രത്തിന്‍റെ ഓഡിറ്റ് റിപ്പോര്‍ട്ടില്‍ കോടതിയുടെ പരിശോധനയുണ്ടാവുക.