പത്തനംതിട്ട : ശബരിമല പാക്കേജിൽ ഉൾപ്പെടുത്തി ആറന്മുള മണ്ഡലത്തിലെ രണ്ട് റോഡുകളുടെ പുനരുദ്ധാരണ പ്രവര്‍ത്തനങ്ങള്‍ക്ക് 1147.5 ലക്ഷം രൂപയുടെ ഭരണാനുമതി ലഭിച്ചുവെന്ന് ആരോഗ്യ മന്ത്രി വീണാ ജോര്‍ജ്. തിരുവല്ല മുതല്‍ കുമ്പഴ റോഡില്‍ ആറന്മുള നിയോജക മണ്ഡലത്തിന്റെ ഭാഗമായി വരുന്ന വള്ളംകുളം മുതല്‍ കോഴഞ്ചേരി വരെയുള്ള ഭാഗത്തെ ഉപരിതല പുനരുദ്ധാരണ പ്രവൃത്തിക്ക് 7.20 കോടി രൂപ അനുവദിച്ചു. ഈ പ്രവൃത്തിയില്‍ 11.27 കി.മീ നീളത്തിലും 8 മീ. വീതിയിലുമുള്ള റോഡിന്റെ ഉപരിതലം പുതുക്കലും ആവശ്യമായ ഭാഗങ്ങളില്‍ നിലവിലെ കലുങ്കിന്റെ പുനര്‍ നിര്‍മ്മാണവും ഓട നിര്‍മ്മാണവുമാണ് പ്രവൃത്തിയില്‍ ഉള്‍പ്പെടുത്തിയിരിക്കുന്നത്. റോഡ് സുരക്ഷാ സംവിധാനവും ഇതില്‍ ഉള്‍പ്പെടുക്കിയിട്ടുണ്ട്.
സെന്റ് തോമസ് കോളേജ് റോഡും മണ്ണാറകുളഞ്ഞി കോഴഞ്ചേരി റോഡ് മുതല്‍ സെന്റ് തോമസ് കോളേജ് വരെയുള്ള റോഡും തിരുവാഭരണ പാതയായ കോഴഞ്ചേരി ചെറുകോല്‍പ്പുഴ റോഡും ഉള്‍പ്പെടെ 4.25 കി.മീ. ദൂരം വരുന്ന ഈ മൂന്ന് റോഡ് പ്രവൃത്തികള്‍ ബിഎം & ബിസി നിലവാരത്തില്‍ നവീകരിക്കുന്നതിനായി 427.5 ലക്ഷം രൂപ ഭരണാനുമതി നല്‍കി. ഇതില്‍ 1645 മീ. നീളം വരുന്ന സെന്റ് തോമസ് കോളേജ് റോഡിന് 3.80 മീ. വീതിയാണുള്ളത്. നിലവില്‍ 20 എം.എം ചിപ്പിംഗ് കാര്‍പ്പറ്റ് സര്‍ഫസിലാണ് റോഡ് നിര്‍മ്മിക്കുന്നത്.
മണ്ണാറക്കുളഞ്ഞി കോഴഞ്ചേരി റോഡ് മുതല്‍ സെന്റ് തോമസ് കോളേജ് വരെയുള്ള റോഡിന് 330 മീ. നീളവും 4.50 മീ. വീതിയാണുള്ളത്. കോഴഞ്ചേരി – ചെറുകോല്‍പ്പുഴ റോഡിന് 2400 മീ. നീളവും 4.65 മീ. വീതിയുമാണ് ഉള്ളത്. നിലവില്‍ വീതി കുറഞ്ഞ ഭാഗം 5.50 മീ. വീതിയിലാക്കികൊണ്ടാണ് ഈ റോഡ് നവീകരിക്കുന്നത്. ഈ മൂന്ന് റോഡുകളും ബി എം & ബി സി നിലവാരത്തിലാണ് പൂര്‍ത്തീകരിക്കുന്നത്. ആവശ്യമായ സ്ഥലങ്ങളില്‍ ഓടയും, കവറിംഗ് സ്ലാബുകളും, റോഡ് സുരക്ഷാ പ്രവൃത്തികളും ചെയ്താണ് റോഡ് നവീകരിക്കുന്നതെന്ന് മന്ത്രി പറഞ്ഞു. പൊതുമരാമത്ത് റോഡ്‌സ് വിഭാഗത്തിനാണ് നിര്‍വ്വഹണ ചുമതല.