പത്തനംതിട്ട : ആലപ്പുഴ റെയില്‍വേ സ്റ്റേഷനില്‍ നിന്നും ബിഹാറിലേക്ക് പുറപ്പെട്ട സ്പെഷല്‍ ട്രെയിനുകളില്‍ സ്വദേശത്തേക്ക് മടങ്ങിയത് പത്തനംതിട്ട ജില്ലയില്‍ നിന്നുള്ള 1194 അന്യസംസ്ഥാന തൊഴിലാളികള്‍. ആലപ്പുഴയില്‍ നിന്നും ശനിയാഴ്ച രാത്രി 10ന് പുറപ്പെട്ട ട്രെയിനില്‍ 246 ഉം തിരുവനന്തപുരത്തു നിന്നും ആലപ്പുഴ വഴി ഞായറാഴ്ച പുലര്‍ച്ചെ 2.30ന് പുറപ്പെട്ട ട്രെയിനില്‍ 948 ഉം പേരാണ് മടങ്ങിയത്.
കോഴഞ്ചേരി, മല്ലപ്പള്ളി, തിരുവല്ല താലൂക്കുകളില്‍ നിന്നുള്ള തൊഴിലാളികളാണ് രണ്ടു ട്രെയിനുകളിലായി പുറപ്പെട്ടത്. ശനിയാഴ്ച്ച ഉച്ചയ്ക്ക് തിരുവല്ലയില്‍ നിന്നും ബിഹാറിലേക്ക് പുറപ്പെടേണ്ടിയിരുന്ന സ്‌പെഷല്‍ ട്രെയിന്‍ റദ്ദാക്കിയതിനെ തുടര്‍ന്നാണ് സംസ്ഥാന സര്‍ക്കാര്‍ ഇടപെട്ട് ആലപ്പുഴയില്‍ നിന്നും പുറപ്പെട്ട ട്രെയിനുകളില്‍ തൊഴിലാളികളെ യാത്രയാക്കിയത്. ജില്ലാ ഭരണകൂടത്തിന്റെയും റവന്യൂ, ലേബര്‍ വകുപ്പ് ഉദ്യോഗസ്ഥരുടെയും നേതൃത്വത്തിലാണ് തൊഴിലാളികളെ നാട്ടിലേക്ക് മടക്കി അയച്ചത്. മൂന്നു താലൂക്കിലേയും വിവിധ കേന്ദ്രങ്ങളില്‍ നിന്നും 40 കെഎസ്ആര്‍ടിസി ബസുകളിലായിട്ടാണ് ഇവരെ ആലപ്പുഴ റെയില്‍വേ സ്റ്റേഷനില്‍ എത്തിച്ചത്. തിരുവല്ലയില്‍ നിന്നും 12 ബസുകളിലായി 332 ഉം കോഴഞ്ചേരിയില്‍ നിന്ന് 15 ബസുകളിലായി 433 ഉം മല്ലപ്പള്ളിയില്‍ നിന്ന് 13 ബസുകളിലായി 429 പേരുമാണ് ജില്ലയില്‍ നിന്നും ആലപ്പുഴ സ്റ്റേഷനില്‍ എത്തിയത്.
യാത്രയ്ക്കു മുന്നോടിയായിട്ടുള്ള ആരോഗ്യ സ്‌ക്രീനിംഗ് നേരത്തെ തന്നെ പൂര്‍ത്തിയാക്കിയിരുന്നു. ചപ്പാത്തി, അച്ചാര്‍, ബ്രഡ്, വെള്ളം എന്നിവ അടങ്ങിയ സൗജന്യ ഭക്ഷണ കിറ്റും ഇവര്‍ക്ക് കൈമാറി. അസിസ്റ്റന്റ് ലേബര്‍ ഓഫീസര്‍മാര്‍ തൊഴിലാളികള്‍ക്ക് മാസ്‌കും സാനിറ്റൈസറും നല്‍കി. ജില്ലാ കളക്ടര്‍ പി.ബി. നൂഹ്, തിരുവല്ല സബ് കളക്ടര്‍ ഡോ. വിനയ് ഗോയല്‍, ഇലക്ഷന്‍ ഡെപ്യൂട്ടി കളക്ടര്‍ ബി. രാധാകൃഷ്ണന്‍, ഡോ. ശ്രീകുമാര്‍, തഹസില്‍ദാര്‍മാര്‍, ഡെപ്യൂട്ടി തഹസില്‍ദാര്‍മാര്‍, അസിസ്റ്റന്റ് ലേബര്‍ ഓഫീസര്‍മാര്‍ തുടങ്ങിയവര്‍ ചേര്‍ന്ന് ഇവരെ യാത്രയാക്കി.