മുംബൈ : ലിഫ്റ്റില്‍ കുടുങ്ങി 11കാരന് ദാരുണാന്ത്യം. അറ്റകുറ്റപ്പണി നടക്കുന്നത് അറിയാതെ കയറിയ കുട്ടിയെയും കൊണ്ട് ലിഫ്‌റ് മുകളിലേക്ക് പോകുകയായിരുന്നു. സംഭവത്തില്‍ ലിഫ്റ്റ് ജീവനക്കാരനെ പോലീസ് അറസ്റ്റ് ചെയ്തു. മുംബൈയിലെ മലാഡില്‍ തിങ്കളാഴ്ച വൈകീട്ടാണ് സംഭവം. ഏഴു നില കെട്ടിടത്തിലെ ലിഫ്റ്റില്‍ കുടുങ്ങിയാണ് 11കാരന്‍ മരിച്ചത്. ലിഫ്റ്റില്‍ അറ്റകുറ്റപ്പണി നടക്കുന്ന കാര്യം താമസക്കാരെ മുന്‍കൂട്ടി അറിയിക്കാതിരുന്നതിനാണ് ലിഫ്റ്റ് ജീവനക്കാരനായ വിവേക് പാണ്ഡെയെ പോലീസ് അറസ്റ്റ് ചെയ്തത്.
പുറത്ത് മുത്തശ്ശിയെ കണ്ട് വീട്ടിലേക്ക് മടങ്ങി വരുന്നതിനിടെയാണ് അപകടം ഉണ്ടായത്. ലിഫ്റ്റ് തുറന്ന് അകത്തു കയറിയ ഉടനെ തന്നെ ലിഫ്റ്റ് മുകളിലേക്ക് പോകുകയായിരുന്നു. ശബ്ദം കേട്ട് ഓടിയെത്തിയ സെക്യൂരിറ്റി ജീവനക്കാരന്‍ ലിഫ്റ്റിന്റെ അറ്റകുറ്റപ്പണി നിര്‍ത്തിവെയ്ക്കാന്‍ ആവശ്യപ്പെട്ടു. തുടര്‍ന്ന് ലിഫ്റ്റില്‍ നിന്ന് കുട്ടിയെ പുറത്തെടുത്ത് ആശുപത്രിയില്‍ എത്തിച്ചെങ്കിലും മരണം സംഭവിച്ചതായി ഡോക്ടര്‍മാര്‍ അറിയ്ക്കുകയായിരുന്നു.