പത്തിരിപ്പാല : കനാൽ വെള്ളം എത്താത്തതിനാൽ പേരൂർ കയ്പയിൽ പാടശേഖരത്തിലെ പൊരളശേരി മേഖലയിൽ 12 ഏക്കർ നെൽകൃഷി ഉണക്ക ഭീഷണിയിൽ. 10 കർഷകരുടെ 12 ഏക്കർ നെൽകൃഷിയാണ് വെള്ളമില്ലാതെ കട്ട കീറി കിടക്കുന്നത്. പാടശേഖര സമിതി സെക്രട്ടറി കണ്ണൻ മാസ്റ്റർ, പ്രസിഡന്റ് എം. മാധവൻ, പ്രസാദ്, പ്രസന്നകുമാരി, മാധവി, സത്യഭാമ, കെ. സുകുമാരൻ കാങ്കത്ത്, എം.വി. ശ്രീദേവി തുടങ്ങിയ 12 കർഷകരുടെ രണ്ടാംവിളയാണ് ഉണക്ക ഭീഷണിയിലായത്.
കൃഷിയിറക്കിയിട്ട് മൂന്നാഴ്ചയായി. ഉഴവ്, നടീൽ, വളം, എന്നിവയടക്കം ഏക്കറിന് 30000 രൂപ ചിലവായി കഴിഞ്ഞു. കൂടാതെ പുഴുക്കേട് കൂടി ബാധിച്ചതോടെ കർഷകർ ദുരിതത്തിലാണ്. ഒന്നാം വിളക്ക് നൽകിയ നെല്ലിന്റെ തുക രണ്ടു മാസം കഴിഞ്ഞിട്ടും ലഭ്യമായിട്ടില്ലന്ന് കർഷകർ പരാതിപെട്ടു. ഒക്ടോബർ 10ന് കൊയ്ത നെല്ല് 18ന് സപ്ലൈകോ സംഭരിച്ചു. ഒക്ടോബർ 30ന് പി.ആർ.എസ് ലഭിച്ചെങ്കിലും ഇന്നേവരെ തുക ലഭിച്ചില്ല. ഇതോടെ കർഷകർ കടക്കെണിയിലാണ്.
സ്വർണം പണയം വെച്ചും കടം വാങ്ങിയുമാണ് രണ്ടാം വിളയിറക്കിയത്. കനാൽ നന്നാക്കാത്തതിനെ തുടർന്നാണ് വെള്ളം ലഭ്യമാകാത്തത്. നാല് ദിവസത്തിനകം വെള്ളം ലഭിച്ചില്ലെങ്കിൽ 12 ഏക്കർ നെൽകൃഷി പൂർണമായും ഉണങ്ങും. ബന്ധപ്പെട്ടവർ അടിയന്തര നടപടി സ്വീകരിക്കണമെന്ന് സമിതി ഭാരവാഹികളായ കണ്ണൻ മാസ്റ്റർ, എം. മാധവൻ മണ്ണയംകോട് എന്നിവർ ആവശ്യപെട്ടു.