കണ്ണൂർ : വിവാഹം കഴിച്ച് വഞ്ചിക്കുകയും ഭർത്താവ് പണം തട്ടിയെടുക്കുകയും ചെയ്തതായി ആരോപിച്ച് യുവതിയും രണ്ട് പെൺമക്കളും കളക്ടറേറ്റിനുമുന്നിൽ ധർണ നടത്തി. ഉടുപ്പി കാർക്കള സ്വദേശി കാവേരിയും രണ്ട് മക്കളുമാണ് തിങ്കളാഴ്ച ഭർത്താവും കുടുംബവും പീഡിപ്പിക്കുന്നതായി ആരോപിച്ച് ധർണ നടത്തിയത്. ഇവർ കളക്ടർക്ക് പരാതിയും നൽകി.
വാഹനാപകടത്തിൽ ഭർത്താവ് മരിച്ച ശേഷം ഇരിട്ടിയിൽ ചില്ലറ ജോലിചെയ്ത് ജീവിക്കുകയായിരുന്ന തന്നെ അഞ്ചുവർഷം മുൻപ് ളളിക്കൽ പാറപ്പുറം സ്വദേശി വിവാഹം കഴിച്ചു. വീട്ടുകാർ അറിഞ്ഞായിരുന്നു വിവാഹം. തില്ലങ്കേരിയിലെ ഓഫീസിൽ വിവാഹം രജിസ്റ്റർചെയ്തിട്ടുണ്ട്. തന്നെയും മക്കളെയും സംരക്ഷിക്കാമെന്ന് പറഞ്ഞായിരുന്നു വിവാഹം. തനിക്ക് 16-ഉം 14-ഉം വയസ്സുള്ള രണ്ടു പെൺകുട്ടികളുണ്ട്.
കാവേരിയും മക്കളും തുടക്കത്തിൽ ഉളിക്കലിലെ ഭർതൃവീട്ടിലായിരുന്നു താമസം. വീട്ടുകാരുമായി സ്വരച്ചേർച്ച ഇല്ലാത്തതിനാൽ വാടകവീടെടുത്ത് മാറിത്താമസിച്ചു. അതിനിടെ ഭർത്താവും അദ്ദേഹത്തിന്റെ അമ്മയും അച്ഛനും സഹോദരനും ചേർന്ന് മർദിച്ചതായി കാവേരി പറഞ്ഞു. ആദ്യഭർത്താവ് മരിച്ചതിനെത്തുടർന്ന് കിട്ടിയ പണത്തിൽ നിന്ന് 12 ലക്ഷം രൂപ അവർ കൈക്കലാക്കി. ഏഴരപ്പവൻ സ്വർണവും തട്ടിയെടുത്തു. വീട്ടിൽനിന്ന് അടിച്ചിറക്കിയതിനെത്തുടർന്ന് പോലീസിൽ പരാതി നൽകിയെങ്കിലും നീതി ലഭിച്ചില്ല. രാത്രി ഓട്ടോയിൽ കയറ്റി ബസ്‌സ്റ്റാൻഡിൽ ഇറക്കിയിട്ട് കർണാടകത്തിലേക്ക് പോവാൻ പറഞ്ഞു. ഇതേത്തുടർന്നാണ് യുവതി കളക്ടർക്ക് പരാതി നൽകിയത്.