ന്യൂഡല്‍ഹി: ബാങ്കുകളില്‍നിന്ന് 1200 കോടി തട്ടിയെടുത്ത ഡല്‍ഹി ആസ്ഥാനമായ കമ്പനി ഡയക്ടര്മാര്ക്കെതിരെ സി.ബി.ഐ അന്വേഷണം. പ്രതികള്‍ രാജ്യം വിട്ടതായാണ് വിവരം. കമ്പനി ഡയറക്ടര്‍മാരെ കണ്ടെത്തുന്നതിനായി സി.ബി.ഐ തിരച്ചില്‍ ആരംഭിച്ചു.
അഴിമതി, തട്ടിപ്പ് എന്നീ വകുപ്പുകള്‍ ചുമത്തിയാണ് അമീറ പ്യൂവന്‍ ഫുഡ്സ് പ്രൈവറ്റ് ലിമിറ്റഡ് കമ്പനി ഡയറക്ടര്‍മാര്‍ക്കെതിരെ സി.ബി.ഐ കേസ് എടുത്തിരിക്കുന്നത്. നാഷനല്‍ കമ്പനി ലോ ട്രൈബ്യൂണല്‍ കമ്പനി ഡയറക്ടര്‍മാര്‍ക്കെതിരെ ജാമ്യമില്ല വാറണ്ട് പുറപ്പെടുവിച്ചു. കരണ്‍ എ. ചന്ന, ഭാര്യ അനിത ഡിയാങ്, അപര്‍ണ പുരി, രാജേഷ് അറോറ, ജവഹര്‍ കപൂര്‍ എന്നിവരാണ് പ്രതികള്‍.
കാനറ ബാങ്കിന്റെ നേതൃത്വത്തിലെ 12 ബാങ്കുകളുടെ കണ്‍സോര്‍ഷ്യത്തില്‍നിന്നാണ് കമ്പനി വായ്പ എടുത്തത്. കാനറ ബാങ്ക് 197 കോടി, ബാങ്ക് ഓഫ് ബറോഡ 180 കോടി, പഞ്ചാബ് നാഷനല്‍ ബാങ്ക് 260 കോടി, ബാങ്ക് ഓഫ് ഇന്ത്യ 147 കോടി, സ്റ്റേറ്റ് ബാങ്ക് ഓഫ് ഇന്ത്യ 112 കോടി, യെസ് ബാങ്ക് 99 കോടി, ഐ.സി.ഐ.സി.ഐ 75 കോടി, ഇന്ത്യന്‍ ഓവര്‍സീസ് ബാങ്ക് 64 കോടി, ഐ.ഡി.ബി.ഐ 47 കോടി, വിജയ ബാങ്ക് 22 കോടിയുമാണ് വായ്പ എടുത്തത്.
ബസുമതി അരിയും മറ്റു ഭക്ഷ്യവസ്തുക്കളും കയറ്റുമതി ചെയ്യുന്ന കമ്പനിയാണ് അമീറ. 2009 മുതല്‍ ബാങ്കുകളുടെ കര്‍സോര്‍ഷ്യത്തില്‍നിന്ന് കമ്പനി വായ്പകള്‍ എടുത്തുതുടങ്ങിയിരുന്നു. പിന്നീട് വായ്പ തിരിച്ചടക്കായതോടെ ബാങ്കുകളുടെ കണ്‍സോര്‍ഷ്യം നിഷ്ക്രിയ ആസ്തിയായി പ്രഖ്യാപിക്കുകയായിരുന്നു. ഈ വര്‍ഷം സി.ബി.ഐ കേസ് രജിസ്റ്റര്‍ ചെയ്തു.