ഡല്‍ഹി: നവംബർ 13ന് ആരംഭിച്ച സിംഗപ്പൂരും ഇന്ത്യൻ സൈന്യവും തമ്മിലുള്ള ഉഭയകക്ഷി അഭ്യാസമായ എക്‌സർസൈസ് ‘അഗ്നി വാരിയർ’ 12ആമത് എഡിഷൻ നവംബർ 30ന് മഹാരാഷ്ട്രയിലെ ദേവ്‌ലാലിയിലെ ഫീൽഡ് ഫയറിംഗ് റേഞ്ചിൽ സമാപിച്ചു. ഈ അഭ്യാസത്തിൽ ഇരു സൈന്യങ്ങളുടെയും ആർട്ടിലറിയുടെ സംയുക്ത ഫയർ പവർ പ്ലാനിങ്, നിർവ്വഹണം, പുതിയ തലമുറ ഉപകരണങ്ങളുടെ ഉപയോഗം എന്നിവ പ്രദർശിപ്പിച്ചിരുന്നു.
ആസൂത്രണ പ്രക്രിയയുടെ ഭാഗമായി സംയുക്ത കമ്പ്യൂട്ടർ യുദ്ധ-ഗെയിമിലും ഇരുപക്ഷവും പങ്കാളികളായി. സംയുക്ത പരിശീലന ഘട്ടത്തിന്റെ ഭാഗമായി ഇരുപക്ഷവും നിഷേ സാങ്കേതികവിദ്യയും ആർട്ടിലറി നിരീക്ഷണ സിമുലേറ്ററുകളും ഉപയോഗിച്ചു. ആർട്ടിലറിയിലെ ആധുനിക പ്രവണതകളെക്കുറിച്ചും പീരങ്കി ആസൂത്രണ പ്രക്രിയയുടെ പരിഷ്‌കരണത്തെക്കുറിച്ചും വിദഗ്‌ധ അക്കാദമിക ചർച്ചകളും ഇതിന്റെ ഭാഗമായി നടത്തി.
പദ്ധതിയിലൂടെ പരസ്‌പര ധാരണ വർധിപ്പിക്കുന്നതിനും, ഇരു സൈന്യങ്ങൾ തമ്മിലുള്ള പരസ്‌പര പ്രവർത്തനക്ഷമത മെച്ചപ്പെടുത്തുന്നതിനുമുള്ള ലക്ഷ്യം കൈവരിച്ചു.സമാപന പരിപാടിയിൽ ഇന്ത്യയിലെ സിംഗപ്പൂർ ഹൈക്കമ്മീഷണർ വോങ് വീ ക്യൂൻ, ആർട്ടിലറി സ്‌കൂൾ കമാൻഡന്റ് ലെഫ്റ്റനന്റ് ജനറൽ എസ് ഹരിമോഹൻ അയ്യർ, സിംഗപ്പൂരിൽ നിന്നുള്ള മറ്റ് വിശിഷ്‌ട വ്യക്തികൾ, ഇരു സേനകളിലെയും ഉദ്യോഗസ്ഥർ എന്നിവരുടെ സാന്നിധ്യവുമുണ്ടായിരുന്നു.