ആഗ്ര : ഫീസ് നല്‍കാത്തതിന് 12 വയസ്സുകാരനെ സ്വകാര്യ ട്യൂഷന്‍ അദ്ധ്യാപകന്‍ അടിച്ചുകൊന്നു. 12 വയസ്സുള്ള ശിവം എന്ന വിദ്യാര്‍ത്ഥിയാണ് കൊല്ലപ്പെട്ടത്. ഉത്തര്‍പ്രദേശിലെ മഥുരയിലെ റദോയി ഗ്രാമത്തിലാണ് സംഭവം. സംഭവത്തില്‍ അദ്ധ്യാപകനായ ഗൗത(26)മിനെ അറസ്റ്റ് ചെയ്തതായും കൊലക്കുറ്റം ഉള്‍പ്പെടെയുള്ള വകുപ്പുകള്‍ ചുമത്തിയാണ് ഇയാള്‍ക്കെതിരേ കേസെടുത്തിരിക്കുന്നതെന്നും പൊലീസ് പറഞ്ഞു.
സംഭവത്തെക്കുറിച്ച് പൊലീസ് പറയുന്നത് ഇങ്ങനെ; കൊല്ലപ്പെട്ട വിദ്യാര്‍ത്ഥി കഴിഞ്ഞ നാല് മാസമായി ഗൗതമിന്റെ അടുത്ത് ട്യൂഷന് പോയിരുന്നു. ഒരുമാസം 250 രൂപയായിരുന്നു ട്യൂഷന്‍ ഫീസ്. എല്ലാമാസവും 25-ാം തീയതിയാണ് വിദ്യാര്‍ത്ഥി ഫീസ് അടച്ചിരുന്നത്. എന്നാല്‍ കഴിഞ്ഞമാസം അസുഖമായതിനാല്‍ ക്ലാസില്‍ പോകാനും കൃത്യസമയത്ത് ഫീസ് അടയ്ക്കാനും കഴിഞ്ഞില്ല. ഓഗസ്റ്റ് 29-ാം തീയതി ഇക്കാര്യത്തെച്ചൊല്ലി ഗൗതം വിദ്യാര്‍ത്ഥിയെ വഴക്കുപറഞ്ഞു. തുടര്‍ന്ന് വടി കൊണ്ട് ക്രൂരമായി മര്‍ദിക്കുകയായിരുന്നു.
അദ്ധ്യാപകന്റെ മര്‍ദനത്തില്‍ ഗുരുതരമായി പരിക്കേറ്റ കുട്ടിയെ വീട്ടുകാരാണ് ആശുപത്രിയില്‍ പ്രവേശിപ്പിച്ചത്. എന്നാല്‍ ചികിത്സയിലിരിക്കെ കഴിഞ്ഞദിവസം കുട്ടി മരണത്തിന് കീഴടങ്ങുകയായിരുന്നു.