കോഴഞ്ചേരി : പുരുഷസുഹൃത്തിന് 13 വയസ്സുള്ള മകളെ പീഡിപ്പിക്കാൻ ഒത്താശ ചെയ്തു കൊടുത്ത അമ്മ അറസ്റ്റിൽ. കിടങ്ങന്നൂർ സ്വദേശിനിയെയാണ് ആറന്മുള പോലീസ് അറസ്റ്റ് ചെയ്തത്. കുട്ടിയെ ലൈംഗികമായി പീഡിപ്പിച്ച ടിപ്പർ ലോറി ഡ്രൈവർ ഹരിപ്പാട് സ്വദേശി ബിപിൻ, ഇയാളുടെ സുഹൃത്ത് എന്നിവർക്കായി പോലീസ് തെരച്ചിൽ തുടങ്ങി. ബിപിൻ എന്നത് വ്യാജ പേരാണെന്നും പോലീസിന് സംശയമുണ്ട്.
ഇയാൾ കുറച്ചുനാളുകളായി കുട്ടിയുടെ അമ്മയുമായി അടുപ്പത്തിലാണ്. വീട്ടിലെ പതിവുസന്ദർശകനായ ബിപിൻ വിവാഹ വാഗ്ദാനം നൽകി ഏറെക്കാലമായി പീഡിപ്പിക്കുകയായിരുന്നെന്നാണ് കുട്ടി പോലീസിനോട് പറഞ്ഞിട്ടുള്ളത്.
ബുധനാഴ്ച ഉച്ചയ്ക്ക് കുട്ടിയുടെ വീട്ടിലെത്തിയ ബിപിനും സുഹൃത്തിനുമൊപ്പം അമ്മ പെൺകുട്ടിയെ പറഞ്ഞയച്ചു. മൂന്നു പേരും ഒരേ ബൈക്കിലായിരുന്നു യാത്ര.
ചെങ്ങന്നൂർവരെ ബൈക്കിൽ പോയ ശേഷം കുട്ടിയെ രണ്ട് ബസുകൾ മാറി കയറ്റിക്കൊണ്ടുപോയി ഒരു വീട്ടിലെത്തിച്ച് പീഡിപ്പിച്ചെന്നാണ് കുട്ടിയുടെ മൊഴി. പിറ്റേ ദിവസം ബിപിൻ കുട്ടിയെ തിരികെ ആറന്മുളയിൽ എത്തിക്കുകയും ചെയ്തു. കുട്ടിയെ കാണുന്നില്ലെന്ന് കാട്ടി അമ്മയുടെ ഇപ്പോഴത്തെ ഭർത്താവ് ആറന്മുള പോലീസിൽ പരാതി നൽകിയിരുന്നു. ആറന്മുള മുൻ പഞ്ചായത്തംഗം ദീപയുടെ നിർദേശപ്രകാരമാണ് ഇയാൾ പരാതി നൽകിയത്.
കുട്ടി തിരിച്ചെത്തിയ വിവരം അറിഞ്ഞ് പോലീസ് വിളിച്ചുവരുത്തി വൈദ്യപരിശോധന നടത്തി. ഇതോടെ പീഡനം സ്ഥിരീകരിച്ചു. കുട്ടിയുടെ മൊഴിയിൽനിന്ന് അമ്മയുെട പങ്ക് വ്യക്തമായതോടെ ഇവരുടെ അറസ്റ്റ് രേഖപ്പെടുത്തി. കോടതിയിൽ ഹാജരാക്കി റിമാൻഡ് ചെയ്തു. അമ്മയുടെ ആദ്യ വിവാഹത്തിലുള്ളതാണ് കുട്ടി. രണ്ടാം വിവാഹത്തിലുള്ള ഭർത്താവിനൊപ്പം താമസിക്കുന്നതിനിടെയാണ് ബിപിനെ പരിചയപ്പെടുന്നത്.