പത്തനംതിട്ട : ലോക്ക് ഡൗണ്‍ നിര്‍ദ്ദേശങ്ങളുടെ ലംഘനങ്ങള്‍ക്ക് പത്തനംതിട്ട ജില്ലയിലെ വിവിധ സ്റ്റേഷനുകളിലായി 353 കേസുകള്‍ രജിസ്റ്റര്‍ ചെയ്യുകയും 382 പേരെ അറസ്റ്റ് ചെയ്യുകയും 250 വാഹനങ്ങള്‍ പിടിച്ചെടുക്കുകയും ചെയ്തതായി ജില്ലാ പോലീസ് മേധാവി കെ.ജി സൈമണ്‍ അറിയിച്ചു.
വീടുകളില്‍ നിരീക്ഷണത്തില്‍ കഴിയണമെന്ന ആരോഗ്യവകുപ്പിന്റെ നിര്‍ദേശങ്ങള്‍ അവഗണിച്ചതിന് എടുത്ത ആറു കേസുകളും ഇതില്‍പെടുന്നു. കോവിഡ് 19 വ്യാപനം നിയന്ത്രിക്കുന്നതിനായി പ്രഖ്യാപിക്കപ്പെട്ട ലോക്ക് ഡൗണ്‍ നിര്‍ദ്ദേശങ്ങളോട് പൂര്‍ണമായും സഹകരിക്കണമെന്ന സര്‍ക്കാരിന്റേയും ബന്ധപ്പെട്ട വകുപ്പുകളുടേയും ആഹ്വാനം ചെവിക്കൊള്ളാത്തവര്‍ക്കെതിരെ ശക്തമായ നിയമനടപടികള്‍ തുടരുമെന്നും ജില്ലാപോലീസ് മേധാവി വ്യക്തമാക്കി.
യാത്രയ്ക്കിറങ്ങുന്നവര്‍ യാത്രാലക്ഷ്യം ബോധ്യപ്പെടുത്താന്‍ ബാധ്യസ്ഥരാണ്. കൃത്യമോ യഥാര്‍ത്ഥമോ അല്ലാത്ത ആവശ്യങ്ങളുടെ പേരില്‍ യാത്ര അനുവദിക്കില്ല. മാത്രമല്ല നിയമനടപടികള്‍ക്ക് വിധേയരാക്കുകയും ചെയ്യും. അവശ്യസേവനങ്ങളുമായി ബന്ധപ്പെട്ട യാത്രകള്‍ക്ക് തടസമുണ്ടാകില്ല. സാമൂഹ്യമായ ഇടപെടല്‍ ഒഴിവാക്കുന്നതിന് വ്യാപാരസ്ഥാപനങ്ങളില്‍ വരുന്നവരും സ്റ്റാഫും നിര്‍ദ്ദിഷ്ട നിര്‍ദ്ദേശങ്ങള്‍ നിര്‍ബന്ധമായും പാലിക്കണം. വീടുകള്‍ക്ക് പുറത്ത് ഇറങ്ങിനടക്കുന്നത് പരമാവധി ഒഴിവാക്കണം. ക്വാറന്റൈനില്‍ കഴിയുന്നവര്‍ അത് ലംഘിച്ച് പുറത്തിറങ്ങി നടക്കുന്നത് കര്‍ശനമായി നിരീക്ഷിക്കുകയും തടയുകയും ചെയ്യും. ഇത്തരക്കാര്‍ക്കെതിരെ കേസ്സ് രജിസ്റ്റര്‍ ചെയ്യുന്നതുള്‍പ്പടെയുള്ള ശക്തമായ നിയമനടപടികള്‍ തുടരും. ലോക്ക് ഡൗണ്‍, നിരോധനാജ്ഞ ലംഘനങ്ങള്‍ തടയുന്നതിന് ജില്ലയിലെ പോലീസിനെ മൂന്ന് ടേണുകളാക്കി 24 മണിക്കൂറും ലഭ്യമാകത്തക്കവിധം നിയോഗിച്ചിട്ടുണ്ട്. മുഴുവന്‍ സമയ വാഹനപരിശോധന കര്‍ശനമാക്കിയതാക്കിയതായും വിവിധ സ്റ്റേഷന്‍ പരിധികളില്‍ പിക്കറ്റുകള്‍ ഏര്‍പ്പെടുത്തിയതായും ജില്ലാ പോലീസ് മേധാവി അറിയിച്ചു.
ഇതുമായി ബന്ധപ്പെട്ട് പോലീസ് കൃത്യനിര്‍വഹണം കാര്യക്ഷമമാക്കാന്‍ ജില്ലയെ ഏഴു പോലീസ് സബ് ഡിവിഷനുകളായി തിരിച്ച് ഓരോ ഡിവൈ.എസ്.പി മാരുടെ നിയന്ത്രണത്തില്‍ പോലീസുദ്യോഗസ്ഥരെ നിയോഗിച്ചിട്ടുണ്ട്. അടൂര്‍, പത്തനംതിട്ട, തിരുവല്ല സബ് ഡിവിഷനുകളില്‍ നിലവിലുള്ള ഡിവൈ.എസ്.പി മാരും പുതിയതായി തിരിച്ച കോന്നി സബ്ഡിവിഷനില്‍ സി-ബ്രാഞ്ച് ഡിവൈ.എസ്.പി ആര്‍.സുധാകരന്‍പിള്ളയും റാന്നി സബ്ഡിവിഷനില്‍ ക്രൈംബ്രാഞ്ച് ഡിവൈ.എസ്.പി മുഹമ്മദ് കബീറും ആറന്മുള സബ്ഡിവിഷനില്‍ വിജിലന്‍സ് ഡിവൈ.എസ്.പി ഹരിവിദ്യാധരനും ഏനാത്ത് സബ്ഡിവിഷനില്‍ നാര്‍കോട്ടിക് സെല്‍ ഡിവൈ.എസ്.പി ആര്‍.പ്രദീപ് കുമാറും മേല്‍നോട്ടം വഹിക്കുന്നു. ജില്ലയിലെ എല്ലാ പോലീസ് ഉദ്യോഗസ്ഥരെയും ഉള്‍പ്പെടുത്തി സ്‌ട്രൈക്കിംഗ് ഫോഴ്‌സിനേയും നിയോഗിച്ചിട്ടുണ്ട്. കൂടാതെ 24 മണിക്കൂറും പ്രവര്‍ത്തിക്കുന്ന കോവിഡ് 19 കണ്‍ട്രോള്‍ റൂമും എമര്‍ജന്‍സി റെസ്‌പോണ്‍സ് സപ്പോര്‍ട്ട് സിസ്റ്റം-112 എന്ന ടോള്‍ ഫ്രീ നമ്പരിലുള്ള കണ്‍ട്രോള്‍ റൂമും ജില്ലാ പോലീസ് ആസ്ഥാനത്ത് പ്രവര്‍ത്തനസജ്ജമാണ്.
—