ശബരിമല: ശബരിമലയിൽ ഇത്തവണ മണ്ഡലകാലത്തെ ആദ്യ 20 ദിനങ്ങളിൽ നീക്കം ചെയ്തത് 1640 ലോഡ് മാലിന്യം. സന്നിധാനം, പമ്പ, നിലയ്ക്കൽ എന്നിവിടങ്ങളിൽ നിന്നുമാണ് വിശുദ്ധി സേനയും ദേവസ്വം ബോർഡിൻ്റെ പവിത്രം ശബരിമലയും ചേർന്ന് മാലിന്യം നീക്കം ചെയ്തത്. പത്തനംതിട്ട ജില്ലാ കളക്ടറുടെ നേതൃത്വത്തിലുള്ള ശബരിമല സാനിട്ടേഷൻ സൊസൈറ്റിയിലെ വിശുദ്ധി സേന വാളണ്ടിയർമാരാണ് മാലിന്യം രൂപപ്പെടുന്ന ഘട്ടത്തിൽ തന്നെ നീക്കം ചെയ്ത് വൃത്തിയും ശുദ്ധിയുമുള്ള ശബരിമലയ്ക്ക് തിളക്കം പകരുന്നത്. ദിവസവും 35 ലോഡു മാലിന്യമാണ് സന്നിധാനത്ത് നിന്നും ദിവസവും നീക്കം ചെയ്യുന്നത്.
അഞ്ച് ട്രാക്ടറുകളിൽ അപ്പാച്ചിമേട് മുതൽ പാണ്ടിത്താവളം വരെയുള്ള പ്രദേശങ്ങളിലെ മാലിന്യം ശേഖരിക്കുന്ന വിശുദ്ധി സേന ദേവസ്വം ബോർഡിൻ്റെ പാണ്ടിത്താവളത്തുള്ള മൂന്ന് ഇൻസിനിറേറ്ററു കളിലെത്തിച്ചാണ് സംസ്കരിക്കുന്നത്. മണിക്കൂറിൽ 700 കിലോയാണ് ഇവിടത്തെ സംസ്കരണ ശേഷി. പമ്പയിൽ മൂന്ന് ട്രാക്ടറുകളിൽ ഏഴ് തവണയായാണ് മാലിന്യം ശേഖരിക്കുന്നത്. അപ്പാച്ചിമേട് ടോപ്പ് മുതൽ ചാലക്കയം വരെയുള്ള പ്രദേശങ്ങളിൽ നിന്നും ദിവസവും 21 ലോഡ് മാലിന്യമാണ് ദേവസ്വം ബോർഡിൻ്റെ പമ്പയിലെ ഇൻസിനിറേറ്ററുകളിൽ സംസ്കരിക്കുന്നത്. 24 ലോഡ് മാലിന്യമാണ് നിലയ്ക്കലിലെ പ്രതിദിന സംസ്കരണം.
ആയിരം ജീവനക്കാരെയാണ് ശബരിമലയും പരിസരവും വൃത്തിയാക്കാനായി നിയോഗിച്ചിട്ടുള്ളത്. സന്നിധാനത്ത് മാത്രം 300 വിശുദ്ധി സേന വോളണ്ടിയർമാർ പ്രവർത്തിക്കുന്നു. പമ്പയിൽ 210,നിലയ്ക്കൽ ബേസിൽ 450,പന്തളം 20,കുളനട 10 എന്നിങ്ങനെയാണ് വിശുദ്ധി സേനാ വിന്യാസം. സേനയ്‌ക്കൊപ്പം ദേവസ്വം ബോർഡിൻ്റെ പവിത്രം ശബരിമലയുടെ ഭാഗമായി ദേവസ്വം ബോർഡ് ജീവനക്കാർ ദിവസവും ഒരു മണിക്കൂർ തിരുമുറ്റവും നടപന്തലും മാളികപ്പുറവും വൃത്തിയാക്കുന്നുണ്ട്. രണ്ടു ലോഡ് മാലിന്യമാണ് ദൈനം ദിനം ഇങ്ങനെ നീക്കം ചെയ്യുന്നത്. ശബരിമലയിലെ ശാസ്ത്രീയ മാലിന്യ സംസ്കരണം ഉറപ്പാക്കാൻ നിരീക്ഷണം ശക്തമാക്കിയതായും ദിവസവും ശുചിത്വ യാത്ര നടത്തി സന്നിധാനവും പരിസരവും വൃത്തിയോടെ സൂക്ഷിക്കാനുള്ള പ്രവർത്തനങ്ങൾ ഉറപ്പു വരുത്തുന്നതായും ശബരിമല എ ഡി എം അരുൺ എസ് നായർ അറിയിച്ചു.