ശബരിമല : ശരണപാതയിൽ തീർഥാടകർക്ക് ക്ഷീണവും വിശപ്പുമകറ്റാൻ ദേവസ്വം ബോർഡ് നൽകി വരുന്നത് ദിവസവും 4.5 ലക്ഷം എണ്ണം ബിസ്ക്കറ്റുകളും 20,000 ലിറ്റർ ചുക്ക് വെള്ളവും. ഉരക്കുഴി മുതൽ നീലിമല വരെ 73 കേന്ദ്രങ്ങളിൽ ചുക്ക് വെള്ളവും ശബരി പീഠം മുതൽ സന്നിധാനം വരെ ബിസ്കറ്റുമാണ് വിതരണം ചെയ്യുന്നത്. മണ്ഡല കാലം പകുതി പിന്നിടുമ്പോൾ ഇതിനകം 85 ലക്ഷത്തോളം ബിസ്ക്കറ്റുകൾ വിതരണം ചെയ്തതായും ഈ തീർഥാടന കാലത്ത് രണ്ടു കോടി ബിസ്ക്കറ്റുകൾ വിതരണം ചെയ്യുമെന്നും ദേവസ്വം ബോർഡ് പ്രസിഡൻ്റ് പി എസ് പ്രശാന്ത് അറിയിച്ചു. ബിസ്കറ്റ് വിതരണത്തിന് വേണ്ടുന്ന അധിക സംവിധാനം സുമനസുകളുടെയും സ്വകാര്യ ഏജൻസികളുടെയും സഹകരണത്തോടെ ഒരുക്കും.
ചുക്ക്, പതിമുഖം, രാമച്ചം എന്നിവ ചേർത്ത് തിളപ്പിച്ചാണ് പമ്പയിലും ശരംകുത്തിയിലും സന്നിധാനത്തും ചുക്കു വെള്ളം തയ്യാറാക്കുന്നതെന്നും വൃത്തിയും ഗുണനിലവാരവും ഉറപ്പുവരുത്തുന്നുണ്ടെന്നും കുടിവെള്ള വിതരണം സ്പെഷ്യൽ ഓഫീസർ ജി പി പ്രവീൺ പറഞ്ഞു.പുതുതായി സ്ഥാപിച്ച പൈപ്പ്ലൈൻ വഴിയാണ് കുടിവെള്ളം വിതരണ കേന്ദ്രങ്ങളിലെത്തിക്കുന്നത്. തീർഥാടകർക്ക് വെള്ളം ശേഖരിക്കാൻ ശരംകുത്തി മുതൽ ക്യൂ കോംപ്ലക്സ് വരെ 44 കുടിവെള്ള ടാപ്പുകൾ സജ്ജമാക്കിയിട്ടുണ്ട് . നടപ്പന്തലിൽമാത്രം 27 ടാപ്പുകളിലും വലിയ നടപ്പന്തലിൽ അഞ്ച് ട്രോളികളിൽ ദിവസം മുഴുവനും കുടിവെള്ളം വിതരണം ചെയ്തുവരികയാണ് . 614 താൽക്കാലിക ജീവനക്കാരെയാണ് ഇതിനായി ദേവസ്വം ബോർഡ് നിയോഗിച്ചിയ്യുള്ളത്.