കോഴിക്കോട് : കോഴിക്കോട്‌ജില്ലയിൽ 18 വയസ്സിനു മുകളിൽ പ്രായമുള്ളവരിൽ പകുതിയിലേറെ പേരും വാക്‌സിനെടുത്തു. ഒരു ഡോസെങ്കിലും എടുത്തവരുടെ എണ്ണം 17,18,109 ആയി. ഈ പ്രായപരിധിയിൽ ഏതാണ്ട് 25 ലക്ഷം പേരാണ് ജില്ലയിലുള്ളത്. 12,00,353 പേർക്ക് ഒരു ഡോസ് വാക്‌സിൻ ലഭിച്ചപ്പോൾ 5,17,756 പേർക്ക് രണ്ടു ഡോസും കിട്ടി.
സംസ്ഥാന തലത്തിൽ വാക്‌സിൻ വിതരണത്തിൽ നാലാം സ്ഥാനത്താണ് കോഴിക്കോട് ജില്ല. 25.31 ലക്ഷം ഡോസ് നൽകി എറണാകുളമാണ് മുന്നിൽ. 8.69 ലക്ഷം ഡോസുമായി സ്‌ത്രീകളാണ് മുന്നിൽ. 8.48 ലക്ഷം ഡോസുകൾ പുരുഷന്മാരും എടുത്തു. കോവിഷീൽഡാണ് ഏറ്റവും കൂടുതൽ വിതരണം ചെയ്‌തത്. 15.67 ലക്ഷം ഡോസുകൾ.
ശേഷിക്കുന്നവ കൊവാക്‌സിനാണ് നൽകിയത്. 60 വയസ്സിനു മുകളിലുള്ളവർക്കാണ് ഏറ്റവും കൂടുതൽ ഡോസ് നൽകിയത്. 6.28 ലക്ഷം ഡോസുകൾ. 18 നും 44 നും ഇടയിൽ 4.56 ലക്ഷമാണ് വിതരണം ചെയ്‌തത്. വെള്ളിയാഴ്‌ച 41,636 ഡോസാണ് നൽകിയത്. കഴിഞ്ഞ ദിവസം 62,000 ഡോസ് എത്തി. അതിനു മുമ്പ് മൂന്നുദിവസങ്ങളിൽ വാക്‌സിൻ ഇല്ലാതെ വിതരണം തടസ്സപ്പെട്ടിരുന്നു. അതേ സമയം സ്വകാര്യ ആശുപത്രികളിൽ കൂടുതലായി ഡോസുകൾ ലഭ്യവുമായിരുന്നു. ഇതിനെതിരെ പ്രതിഷേധമുയരുന്നുണ്ട്.