ബെംഗളൂരു : രഹസ്യബന്ധം ചോദ്യംചെയ്ത പതിനേഴുകാരനെ അമ്മയുടെ സുഹൃത്ത് കുത്തിക്കൊന്നു. ഹലസൂരു സ്വദേശിയും വിദ്യാർഥിയുമായ നന്ദു ആണ് കൊല്ലപ്പെട്ടത്. സംഭവത്തിൽ നന്ദുവിന്റെ അമ്മ ഗീത (37) സൃഹൃത്ത് ശക്തിവേലു (35) എന്നിവരെ പോലീസ് അറസ്റ്റ് ചെയ്തു. തിങ്കളാഴ്ച രാത്രിയാണ് നന്ദു കൊല്ലപ്പെട്ടത്. ഗീതയുടെ വീട്ടിലേക്ക് ശക്തിവേലു വരുന്നത് നന്ദു എതിർത്തിരുന്നു. എന്നാൽ എതിർപ്പ് അവഗണിച്ച് ഇയാൾ വീണ്ടും വീട്ടിലെത്തി. ഇതോടെ ഇരുവരും തമ്മിൽ വാക്കേറ്റമുണ്ടായി.
ഗീതയും ശക്തിവേലുവിന്റെ ഒപ്പം ചേർന്നു. വാക്കേറ്റം കടുത്തതോടെ ശക്തിവേലു അടുക്കളയിൽനിന്ന് കത്തിയെടുത്ത് നന്ദുവിനെ കുത്തി. ബഹളം കേട്ടെത്തിയ സമീപവാസികൾ നന്ദുവിനെ ആശുപത്രിയിലെത്തിച്ചെങ്കിലും രക്ഷിക്കാനായില്ല. ഭർത്താവുമായി പിരിഞ്ഞതിന് ശേഷം ഗീത മർഫി ടൗണിലെ വീട്ടിലാണ് നന്ദുവിനോടൊപ്പം താമസിച്ചിരുന്നത്. ഇതിനിടെ സാമൂഹിക മാധ്യമത്തിലൂടെയാണ് ഓട്ടോഡ്രൈവറായ ശക്തിവേലുവിനെ പരിചയപ്പെട്ടത്. ഇയാൾ മോഷണം, മദ്യപിച്ച് ബഹളമുണ്ടാക്കൽ തുടങ്ങിയ കേസുകളിൽ നേരത്തേ പ്രതിയായിരുന്നതായി ഹലസൂരു പോലീസ് പറഞ്ഞു.