തേക്കടി : തേക്കടി കാണാനെത്തുന്ന വിദേശികള്‍ ഉള്‍പ്പെടെ വിനോദ സഞ്ചാരികള്‍ക്ക് കൗതുകമായി തേക്കടി-ബൈപാസിലെ ചുമർചിത്രങ്ങള്‍. ടൗണിലെ പോസ്റ്റ് ഓഫിസിന്‍റെ ചുറ്റുമതിലിലാണ് 19കാരി അർച്ചന ടി. ബിജു വരച്ച കൗതുകം പടർത്തുന്ന ചുമർചിത്രങ്ങള്‍ നിറഞ്ഞത്. ഗ്രാമപഞ്ചായത്തിന്‍റെ ‘മാലിന്യമുക്ത കുമളി’ എന്ന ആശയം ജനങ്ങളിലേക്ക് എത്തിക്കാനുള്ള പ്രചാരണത്തിന്‍റെ ഭാഗമായാണ് ചിത്രങ്ങള്‍. പിതാവും ആർട്ടിസ്റ്റുമായ തേക്കടി തുണ്ടില്‍പീടികയില്‍ ടി.എസ്. ബിജു-ഷൈനി ദമ്പതികളുടെ മകളാണ് അർച്ചന. പിതാവില്‍നിന്ന് കണ്ടും കേട്ടും പഠിച്ചതാണ് അർച്ചനയുടെ ചിത്രരചനയുടെ പാഠങ്ങള്‍. തൊടുപുഴയിലെ സ്വകാര്യ കോളജില്‍ ഹെല്‍ത്ത് ഇൻസ്പെക്ടർ കോഴ്സ് ഡിപ്ലോമ രണ്ടാം വർഷ വിദ്യാർഥിനിയാണ് അർച്ചന.
അവധിക്ക് വീട്ടിലെത്തിയപ്പോഴാണ് ചിത്രങ്ങള്‍ വരക്കാൻ പിതാവിനൊപ്പം കൂടിയത്. പൊതുസ്ഥലങ്ങള്‍ മാലിന്യമുക്തമാക്കുകയെന്ന വലിയ ദൗത്യത്തിന്‍റെ ഭാഗമാകാൻ ചിത്രരചനയിലൂടെ കഴിഞ്ഞതില്‍ അർച്ചനക്കും മകള്‍ എത്തിയതോടെ പടങ്ങളും എഴുത്തും കൂടുതല്‍ വേഗത്തിലും ഭംഗിയിലും ചെയ്യാനായതില്‍ ബിജുവിനും സന്തോഷം. രാഷ്ട്രീയ കക്ഷികളുടെ ചുവരെഴുത്തും പോസ്റ്ററുകളും നിറഞ്ഞ് നിറം മങ്ങിയ ചുവരില്‍ പുതിയ നിറങ്ങളും ജീവൻ തുടിക്കുന്ന ചിത്രങ്ങളും ഇടം പിടിച്ചപ്പോള്‍ സഞ്ചാരികള്‍ക്കൊപ്പം നാട്ടുകാർക്കും കൗതുകം. അർച്ചനക്ക് ഒരു സഹോദരനാണുള്ളത്. അസമില്‍ സ്കൂള്‍ അധ്യാപകനായ അനന്തു.