കോന്നി : നൂറ്റാണ്ടുകൾക്ക് മുൻപ് കോന്നിയിലുണ്ടായ മഹാ പ്രളയത്തിന്റെ ചരിത്രം ആലേഖനം ചെയ്ത ഫലകം ഇനി ചരിത്ര സ്മാരകമായി സംരക്ഷിക്കപ്പെടും. 1924ൽ കോന്നിയിൽ ഉണ്ടായ മഹാ പ്രളയം രേഖപ്പെടുത്തിയ ശിലാ ഫലകമാണ് കഴിഞ്ഞ പ്രളയത്തിന് ശേഷം കണ്ടെത്തിയത്.
കോന്നി ഗവൺമെന്റ് എൽ പി സ്കൂളിന് സമീപത്തെ പെട്ടിക്കടയുടെ ഭാഗത്ത് നിന്ന് കണ്ടെത്തിയ ശിലാഫലകം മണ്ണിൽ ആഴ്ന്ന് പോയ നിലയിലായിരുന്നു. റോഡ് വികസനത്തിന്റെ ഭാഗമായി ജെ സി ബി ഉപയോഗിച്ച് മണ്ണ് എടുത്ത് മാറ്റിയപ്പോൾ ഇത് മണ്ണിനടിയിൽ താഴ്ന്ന് പോയതാണെന്ന് കരുതപ്പെടുന്നു. മുൻപ് നാട്ടുകാരിൽ ചിലർക്ക് ഫലകത്തെക്കുറിച്ച് അറിയാമായിരുന്നെങ്കിലും പിന്നീട് ആരും ഇതിനെ കുറിച്ച് ഓർത്തിരുന്നില്ല. പിന്നീട് ഇവിടെ പെട്ടിക്കട നടത്തുന്ന ജയപ്രകാശ് ഇത്തരം ഒരു ഫലകം ഇവിടെ ഉണ്ടായിരുന്നതായി അധികൃതരെ ഓർമ്മപ്പെടുത്തുകയും പിന്നീട് തിരഞ്ഞ് കണ്ടുപിടിക്കുകയും ആയിരുന്നു. മണ്ണുമാന്തി യന്ത്രം ഉപയോഗിച്ച് കേടുപാടുകൾ കൂടാതെ പുറത്തെടുത്ത ഫലകം ഇപ്പോൾ കോന്നി ഫോറസ്റ്റ് ഡിവിഷണൽ ഓഫീസിലേക്ക് കടക്കുന്ന റോഡിന്റെ വശത്ത് കരിങ്കല്ലുകൊണ്ട് പ്രത്യേക തറ ഒരുക്കി സംരക്ഷിച്ചിരിക്കുകയാണ് അധികൃതർ.