കായംകുളം : കായംകുളത്ത് ദേശീയ പാതയ്‌ക്കെടുത്ത കുഴിയില്‍ വീണ് മിനിറ്റുകളുടെ വ്യത്യാസത്തില്‍ രണ്ട് അപകടങ്ങള്‍. കുഴിയില്‍ വീണ് നൂറനാട് സ്വദേശിയായ ആരോമല്‍ മരിച്ചു. 23 വയസായിരുന്നു. മറ്റൊരു കുഴിയില്‍ വീണ് ബൈക്ക് യാത്രികനായ ഒരു യുവാവിന് ഗുരുതരമായി പരുക്കേറ്റു. യുവാവിനെ വണ്ടാനം മെഡിക്കല്‍ കോളജില്‍ പ്രവേശിപ്പിച്ചിരിക്കുകയാണ്. ഒരു മണിക്കൂറിനുള്ളിലാണ് രണ്ട് അപകടങ്ങളും നടന്നത്.
റോഡിലെ വ്യത്യസ്ത കുഴികളില്‍ വീണായിരുന്നു അപകടങ്ങള്‍. കുഴികള്‍ക്ക് സമീപം യാതൊരു അപകടമുന്നറിയിപ്പും സ്ഥാപിച്ചിട്ടില്ലെന്ന് നാട്ടുകാര്‍ പരാതിപ്പെടുന്നു. കെപിഎസി ജംഗ്ഷനിലെ കുഴിയില്‍ വീണാണ് ആരോമലിന് ജീവന്‍ നഷ്ടമായത്. നൂറനാട്ടെ വീട്ടിലേക്ക് പോകും വഴി സര്‍വീസ് റോഡിലുള്ള കുഴിയിലേക്ക് ആരോമല്‍ വാഹനവുമായി വീഴുകയായിരുന്നു. കുഴിയില്‍ വലിയ കോണ്‍ക്രീറ്റ് പാളിയും വെള്ളവുമുണ്ടായിരുന്നു. കോണ്‍ക്രീറ്റില്‍ തലയടിച്ചുള്ള പരുക്കാണ് മരണത്തിന് കാരണമായതെന്നാണ് പ്രാഥമിക നിഗമനം.