തിരുവനന്തപുരം : എജീസ് ഓഫിസിലെ ഉദ്യോഗസ്ഥരെ ആക്രമിച്ച കേസില്‍ രണ്ടു പേര്‍ അറസ്റ്റില്‍. വഞ്ചിയൂര്‍ സ്വദേശികളായ രാകേഷ്, പ്രവീണ്‍ എന്നിവരാണ് പിടിയിലായത്. മൂന്നുദിവസം പിന്നിട്ടിട്ടും പ്രതികളുടെ പിടികൂടാത്തതില്‍ പ്രതിഷേധം ശക്തമായിരുന്നു. സംസ്ഥാനത്തിന് തന്നെ നാണക്കേടായിരുന്നു നഗരത്തില്‍ കുടുംബസമേതം നടക്കാനിറങ്ങിയ ഇതര സംസ്ഥാന ഉദ്യോഗസ്ഥര്‍ ആക്രമിക്കപ്പെട്ടത്.
ഞായറാഴ്ച രാത്രിയില്‍ പേട്ടയ്ക്കടുത്ത അമ്പലത്തുമുക്കില്‍ വെച്ചാണ് ഏജീസ് ഓഫീസിലെ ഉദ്യോഗസ്ഥരുടെ കുടുംബം ആക്രമിക്കപ്പെട്ടത്. രാത്രി എട്ടരയോടെ വീടിന് മുന്നിലെ റോഡിലൂടെ നടക്കുന്നതിനിടെ ബൈക്കിലെത്തിയ അക്രമികള്‍ സ്ത്രീകളെ കയറിപിടിക്കുകയായിരുന്നു. ഇത് തടഞ്ഞ പുരുഷന്‍മാര്‍ക്ക് നേരെ കത്തിവീശി വെട്ടിപ്പരുക്കേല്‍പ്പിച്ചു.
കയ്യിലും കാലിലും പരുക്കേറ്റ് വീട്ടിലേക്ക് തിരികെ പോയവരെ വീടിന് മുന്നിലെത്തി ഭീഷണിപ്പെടുത്തുകയും ചെയ്തിട്ടാണ് അക്രമികള്‍ മടങ്ങിയത്. അക്രമത്തിന് തൊട്ടുപിന്നാലെ വഞ്ചിയൂര്‍ പോലീസിനെ അറിയിച്ചിരുന്നെങ്കിലും കേസെടുത്തത് പിറ്റേദിവസം ഉച്ചയ്ക്ക് പേട്ട പോലീസില്‍ പരാതി നല്‍കിയപ്പോഴാണ്.