പട്ടാമ്പി : കോവിഡ് വ്യാപനത്തിൽ പട്ടാമ്പിയിൽ സ്ഥിതി അതീവ ഗുരുതരമാണെന്നും ഭയാനക സാഹചര്യമാണ് നിലവിലുള്ളതെന്നും മന്ത്രി എ.കെ. ബാലൻ. പട്ടാമ്പി താലൂക്കിലും നെല്ലായ പഞ്ചായത്തിലും കർശന ലോക്ക്ഡൗൺ പ്രഖ്യാപിച്ചു.
നിലവിൽ പട്ടാമ്പി മാർക്കറ്റുമായി ബന്ധപ്പെട്ട് ജില്ലയിലെ ഒരു ക്ലസ്റ്റർ പ്രകടമായി. വ്യാപനം ഒഴിവാക്കുന്നതിനായി പോലീസ്, ഫയർഫോഴ്സ്, ആശുപത്രി, സർക്കാർ ഓഫീസുകൾ, അവശ്യ സർവ്വീസുകൾ തുടങ്ങിയവക്ക് മാത്രമാകും പട്ടാമ്പിയിൽ അനുമതി. അനാവശ്യമായി ജനം പുറത്തിറങ്ങുകയോ പൊതുഗതാഗതം നടത്തുകയോ ചെയ്യാൻ പാടില്ല. പുറത്തുനിന്ന് വരുന്ന വാഹനങ്ങൾ പട്ടാമ്പിയിൽ ആളെ ഇറക്കാനോ അവിടെനിന്ന് കയറ്റാനോ പാടില്ല.
ക്ലസ്റ്റേഴ്സ് രൂപപ്പെട്ട് അതിവേഗ വ്യാപനത്തിലേക്കും സമൂഹവ്യാപനത്തിലേക്കും കടക്കാനുള്ള സാധ്യത ഇവിടെ കൂടുതലാണ്. ആൻറിജൻ പരിശോധന നടത്തുന്നതോടെ നിലവിലെ സ്ഥിതി മനസിലാകുമെന്നും അദ്ദേഹം പറഞ്ഞു. 47 കേന്ദ്രങ്ങളിലെ 28 കണ്ടെയ്ൻമെന്റ് സോണുകളിലാകും പരിശോധന.
ചെറിയ രോഗലക്ഷണമുണ്ടെങ്കിൽ പോലും ആരോഗ്യ പ്രവർത്തകരെ അറിയിക്കണം. പ്രകടമായ ലക്ഷണങ്ങളുള്ള രോഗബാധിതരെ മാത്രമാണ് നിലവിൽ കണ്ടെത്തിയത്. രോഗലക്ഷണമില്ലാത്തവരും ഉണ്ടാകും. 1,133പേർക്കാണ് പാലക്കാട് ജില്ലയിൽ ഇതുവരെ കോവിഡ് സ്ഥിരീകരിച്ചത്. സമ്പർക്കത്തിലൂടെ 133 പേർക്ക് കോവിഡ് സ്ഥിരീകരിച്ചു. നിലവിൽ 338 പേർ ചികിത്സയിലുണ്ട്.
മത്സ്യ, പച്ചക്കറി മാർക്കറ്റുകൾ, ബസ് സ്റ്റാൻഡുകൾ, അതിർത്തി പ്രദേശങ്ങൾ, ആദിവാസി, എസ്.സി/എസ്.ടി കോളനികൾ എന്നിവ കേന്ദ്രീകരിച്ച് പരിശോധന നടത്തും. ലോക്ഡൗണുമായി ജനം സഹകരിക്കണം. കോവിഡ് പ്രതിരോധ പ്രവർത്തനങ്ങളിൽ രാഷ്ട്രീയം കാണാതെ ഭാഗമാകണമെന്നും മന്ത്രി അഭ്യർത്ഥിച്ചു.