പരവൂർ : റോഡിൽ കിടന്നിരുന്ന യുവാക്കളുടെ മുകളില്‍ അമിത വേഗത്തിൽ എത്തിയ കാർ കയറിയിറങ്ങി 2 പേര്‍ മരിച്ചു. പാരിപ്പള്ളി എഴിപ്പുറം പുന്നവിളയിൽ സജാദ് അബ്ദുൽ സമദ് (33), കൂനയിൽ കോട്ടുവൻകോണം സുശീല ഭവനിൽ ഷിബു (35) എന്നിവരാണ് മരിച്ചത്. തിങ്കൾ രാത്രി 12 ന് കോട്ടുവൻകോണം മഹാവിഷ്ണു ക്ഷേത്രത്തിനു മുന്നിലാണ് സംഭവം.
സമീപത്തെ ക്ലബ്ബിലെ ഇരുപത്തെട്ടാം ഓണാഘോഷ പരിപാടികളുടെ ഒരുക്കങ്ങൾ നടക്കുകയായിരുന്നു. ഒരുക്കങ്ങൾ പൂർത്തിയായ ശേഷം ഷിബുവും സജാദും വീടുകളിലേക്ക് പോകാനിരിക്കെ ഇവർ വന്ന ബൈക്ക് തകരാറിലാകുകയായിരുന്നു. ബൈക്കിന്‍റെ തകരാർ പരിഹരിക്കാൻ ശ്രമിച്ചെങ്കിലും സാധിച്ചില്ല. തുടർന്ന് ഇരുവരും റോഡിൽ കിടക്കുകയായിരുന്നു. ഇതിന്‍റെ സിസിടിവി ദൃശ്യങ്ങൾ പോലീസിന് ലഭിച്ചിട്ടുണ്ട്.
റോഡിൽ കിടന്നിരുന്ന ഇവരുടെ ശരീരത്തിലേക്ക് പാരിപ്പള്ളി ഭാഗത്തേക്കു പോവുകയായിരുന്ന കാർ കയറിയിറങ്ങുകയായിരുന്നു. ഇരുവരെയും പാരിപ്പള്ളി മെഡിക്കൽ കോളേജ് ആശുപത്രിയിൽ പ്രവേശിപ്പിച്ചെങ്കിലും മരിച്ചു. സംഭവശേഷം നിർത്താതെ പോയ കാറിനായി സിസിടിവി ദൃശ്യങ്ങൾ പരിശോധിച്ച് പരവൂർ പോലീസ് തിരച്ചിൽ ആരംഭിച്ചിട്ടുണ്ട്. ഷിബുവിന്‍റെ അച്ഛൻ സുരേഷ്, അമ്മ: സുശീല. സഹോദരങ്ങൾ: ഷിജു, ഷൈജു. സജാദിന്‍റെ ഭാര്യ: റെയ്ഹാന. അച്ഛൻ: അബ്ദുൽ സമദ്, അമ്മ: ഷാഹിദ.