തിരുവനന്തപുരം : കേരളത്തിലെ 205 നിധി കമ്പിനികളുടെ അംഗീകാരം നഷ്ടപ്പെട്ടുവെന്ന വാര്‍ത്ത വ്യാജമല്ലെന്നും ഉമ്മാക്കി കാണിച്ച് ഓണ്‍ ലൈന്‍ മാധ്യമങ്ങളെ വെരുട്ടാന്‍ നിധി കമ്പിനികളുടെ സംഘടന ശ്രമിക്കേണ്ടതില്ലെന്നും ഓണ്‍ ലൈന്‍ മീഡിയ ചീഫ് എഡിറ്റേഴ്സ് ഗില്‍ഡ് പ്രസിഡന്റ് പ്രകാശ് ഇഞ്ചത്താനം പറഞ്ഞു.
കേരളത്തിലെ 205 നിധി കമ്പിനികള്‍ ഉള്‍പ്പെടെ ഇന്ത്യയിലെ 404 നിധി കമ്പിനികള്‍ നിയമം പാലിക്കാതെയാണ് പ്രവര്‍ത്തിക്കുന്നതെന്നും ഇവര്‍ക്ക് നിധി നിയമം അനുസരിച്ചുള്ള അംഗീകാരം ഇല്ലെന്നും മിനിസ്ട്രി ഓഫ് കോര്‍പ്പറേറ്റ് അഫയേഴ്സ് ആണ് പൊതുജന താല്‍പ്പര്യാര്‍ഥം നോട്ടീസ് പുപ്പെടുവിച്ചത്. ഈ നോട്ടീസ് കേരളത്തിലെ മാധ്യമങ്ങള്‍ മൂടിവെച്ചപ്പോള്‍ അത് പ്രസിദ്ധീകരിച്ചത് ഓണ്‍ ലൈന്‍ മീഡിയ ചീഫ് എഡിറ്റേഴ്സ് ഗില്‍ഡില്‍ അംഗങ്ങളായ മാധ്യമങ്ങളാണ്. എന്നാല്‍ ഈ വാര്‍ത്ത തെറ്റാണെന്നും വ്യാജവാര്‍ത്ത നല്‍കിയ ഓണ്‍ ലൈന്‍ മാധ്യമങ്ങള്‍ക്കെതിരെ നിയമ നടപടി സ്വീകരിക്കുമെന്നും പത്ര വാര്‍ത്തയിലൂടെ ഭീഷണി മുഴക്കുകയായിരുന്നു നിധി കമ്പിനികളുടെ സംഘടന.
തങ്ങള്‍ നല്‍കിയ വാര്‍ത്ത വ്യാജമാണെങ്കില്‍ നിയമനടപടി സ്വീകരിക്കുവാന്‍ നിധി കമ്പിനികള്‍ തയ്യാറാകണമെന്ന് ഓണ്‍ ലൈന്‍ മീഡിയ ചീഫ് എഡിറ്റേഴ്സ് ഗില്‍ഡ് സംസ്ഥാന ജനറല്‍ സെക്രട്ടറി രവീന്ദ്രന്‍ കവര്‍ സ്റ്റോറി, ട്രഷറാര്‍ തങ്കച്ചന്‍ കോട്ടയം മീഡിയ , വൈസ് പ്രസിഡന്റ് ജയചന്ദ്രന്‍ ട്രാവന്‍കൂര്‍ എക്സ് പ്രസ്സ്, അഡ്വ.സിബി സെബാസ്റ്റ്യന്‍ ഡെയിലി ഇന്ത്യന്‍ ഹെറാള്‍ഡ്, സെക്രട്ടറി ചാള്‍സ് ചാമത്തില്‍ സി മീഡിയ, ജോസ് എം.ജോര്‍ജ്ജ് കേരളാ ന്യൂസ് എന്നിവര്‍ പറഞ്ഞു. കേരളത്തിലെ ധനകാര്യ സ്ഥാപനങ്ങളുടെ തെറ്റായ നടപടികള്‍ നിക്ഷേപകരിലേക്ക് എത്തിക്കുവാന്‍ ഒരു പരമ്പര തന്നെ ആരംഭിക്കുവാന്‍ ആലോചിക്കുന്നതായും ഭാരവാഹികള്‍ പറഞ്ഞു.
കേരളത്തില്‍ അരങ്ങേറുന്നത് കോടികളുടെ സാമ്പത്തിക തട്ടിപ്പാണ്. നിക്ഷേപകര്‍ വഞ്ചിക്കപ്പെടുകയാണ്. ഇന്ത്യയൊട്ടാകെ 404 നിധി കമ്പിനികളുടെ അംഗീകാരം നഷ്ടപ്പെട്ടപ്പോള്‍ അതില്‍ 205 കമ്പിനികളും കേരളത്തിലാണെന്നത് ഞെട്ടിക്കുന്ന കണക്കാണ്. എന്നിട്ടും സംഘടനാ ബലത്തില്‍ അത് മൂടിവെക്കുവാനാണ് ശ്രമിക്കുന്നത്. കേരളത്തിലെ ചില സ്വകാര്യ ധനകാര്യ സ്ഥാപനങ്ങളില്‍ നടക്കുന്നത് തികച്ചും നിയമവിരുദ്ധമായ നടപടികളാണ്. മൈക്രോ ഫിനാന്‍സ് ലോണ്‍ എടുക്കുവാന്‍ വരുന്ന പട്ടിണിപ്പാവങ്ങളുടെ കയ്യില്‍നിന്നും 3200 രൂപയുടെ ഹെല്‍ത്ത് ഇന്‍ഷുറന്‍സ് ചില സ്ഥാപനങ്ങള്‍ പിടിച്ചു വാങ്ങുകയാണ്. പതിനയ്യായിരവും ഇരുപതിനായിരവും ലോണ്‍ എടുക്കാന്‍ വരുന്നവരോടാണ് ഈ ക്രൂരത.
മിക്ക ധനകാര്യ സ്ഥാപനങ്ങള്‍ക്കും ഇന്‍ഷുറന്‍സ് കമ്പിനിയുടെ ഏജന്‍സിയുണ്ട്. നിര്‍ധനര്‍ക്ക് കേന്ദ്ര സംസ്ഥാന സര്‍ക്കാരുകള്‍ നടപ്പിലാക്കുന്ന സൗജന്യ ആരോഗ്യ ഇന്‍ഷുറന്‍സ് പദ്ധതികള്‍ നിലവിലുള്ളപ്പോഴാണ് പാവങ്ങളെ കൊള്ളയടിക്കുന്നത്. ഇതില്‍ മുന്നില്‍ നില്‍ക്കുന്നത് ഒരു രാഷ്ട്രീയ നേതാവിന്റെ സ്ഥാപനം തന്നെയാണ്. കേരളത്തിന്റെ മുക്കിലും മൂലയിലും ബ്രാഞ്ചുകള്‍ തുറന്നാണ് മൈക്രോ ഫിനാന്‍സിലൂടെ പാവങ്ങളെ കൊള്ളയടിക്കുന്നത്. ലോണ്‍ ലഭിക്കണമെങ്കില്‍ ഈ സ്ഥാപനം നല്‍കുന്ന മെഡിക്കല്‍ ഇന്‍ഷുറന്‍സ് കൂടിയേ തീരൂ. അതിനാല്‍ ലോണ്‍ ആവശ്യമുള്ളവര്‍ തലവെച്ചുകൊടുക്കുകയാണ്.
കേരളത്തിലെ മിക്ക ധനകാര്യ സ്ഥാപനങ്ങളും പ്രതിസന്ധിയിലാണ്. ജീവനക്കാര്‍ക്ക് ശമ്പളം പോലും മുടങ്ങിക്കഴിഞ്ഞു. എന്നിട്ടും പരമാവധി ബ്രാഞ്ചുകള്‍ തുറന്ന് നിക്ഷേപങ്ങള്‍ സമാഹരിച്ചുകൊണ്ടിരിക്കുകയാണ്. തട്ടിപ്പും വെട്ടിപ്പും നടത്തുന്നവരെ അവര്‍ എത്ര ഉന്നതാരായാലും അത് ഓണ്‍ ലൈന്‍ മാധ്യമങ്ങള്‍ വെളിപ്പെടുത്തുക തന്നെ ചെയ്യുമെന്ന് ചീഫ് എഡിറ്റേഴ്സ് ഗില്‍ഡ് ഭാരവാഹികള്‍ പറഞ്ഞു. നിക്ഷേപകര്‍ക്ക് സംഘടനയുമായി ബന്ധപ്പെടുവാന്‍ [email protected] എന്ന ഇ മെയില്‍ ഉപയോഗിക്കാം.