പത്തനംതിട്ട : മൾട്ടി സർക്യൂട്ട് / വോൾട്ടേജ് ലൈൻ 220 കെവി സബ് സ്റ്റേഷന്റെ നിർമാണം ഡിസംബറിൽ കമ്മിഷൻ ചെയ്യാവുന്ന വിധത്തിൽ അവസാനഘട്ടത്തിലേക്ക്. പടനിലം, പാറ്റൂർ, അടൂർ എന്നിവിടങ്ങളിലുമാണ് ഇപ്പോൾ പണി നടക്കുന്നത്. ഇത് വേഗത്തിൽ പൂർത്തിയാക്കാനുള്ള പരിശ്രമത്തിലാണ് ട്രാൻസ്ഗ്രിഡ് ഉദ്യോഗസ്ഥർ. പദ്ധതിയുടെ ആകെ ചെലവ് 244 കോടി രൂപയാണ്. പത്തനംതിട്ടയിൽ 110 കെവി സബ് സ്റ്റേഷനാണ് ഇപ്പോഴുള്ളത്. അത് നിലനിർത്തിയാണ് റോഡിന് എതിർവശത്ത് പുതിയത് സ്ഥാപിക്കുന്നത്. താഴൂർക്കടവ് റോഡിൽ വൈദ്യുതി ഭവനു പിന്നിലാണ് പുതിയ സബ് സ്റ്റേഷനായി 3 നില കെട്ടിടം നിർമിച്ചത്. പെയ്ന്റിങ് ജോലികൾ നടക്കുന്നു. 10 കോടി രൂപ വിലവരുന്ന ട്രാൻസ്ഫോമറുകൾ സ്ഥാപിച്ചു.
കെട്ടിടത്തിനുള്ളിൽ യന്ത്രോപകരണങ്ങൾ സ്ഥാപിക്കുന്ന ജോലികൾ പുരോഗമിക്കുന്നു. ഒരു ടവറിലൂടെ ഒരേസമയം 220 കെവി, 110 കെവി ഹൈടെൻഷൻ ലൈനുകൾ കടന്നു പോകുന്നതാണ് ഇതിന്റെ പ്രത്യേകത. പാടം, ഇടപ്പോൺ എന്നിവിടങ്ങളിൽ നിന്നാണ് 220 കെവി ടവർ ലൈൻ എത്തുന്നത്. കൂടൽ, കോന്നി, പത്തനംതിട്ട, അടൂർ, ഇടപ്പോൺ സബ് സ്റ്റേഷനുകളെ ബന്ധിപ്പിച്ചാണ് ടവർ ലൈൻ കടന്നുപോകുന്നത്. ടവറുകൾക്ക് 45 മുതൽ 55 മീറ്റർ വരെ ഉയരമുണ്ട്. ടവറുകളുടെ ആകെ എണ്ണം 198. അതിൽ 168 എണ്ണം പൂർത്തിയായി. പാടം– പത്തനംതിട്ട 20, ഇടപ്പോൺ– പത്തനംതിട്ട 20 ടവറുകളാണ് ഇനിയും തീരാനുള്ളത്.
പാടത്തു നിന്നു കൂടൽ, കോന്നി സബ് സ്റ്റേഷനുകളെ ബന്ധിപ്പിച്ചാണ് ടവർ ലൈൻ പത്തനംതിട്ട എത്തുന്നത്. പത്തനംതിട്ട നിന്ന് അടൂർ സബ് സ്റ്റേഷൻ വഴിയാണ് ഇടപ്പോൺ എത്തുന്നത്. നിലവിലുള്ള 110 കെവി ടവർ ലൈൻ കടന്നുപോകുന്ന അതേ റൂട്ടിലൂടെയാണു പുതിയ 220 കെവി ലൈൻ കടന്നുപോകുന്നത്. ഇതിനായി നിലവിലുള്ള ടവർ മാറ്റി ഉയരം കൂടിയ പുതിയ ടവർ സ്ഥാപിച്ചാണു ലൈൻ വലിക്കുന്നത്. പാടം – പത്തനംതിട്ട റൂട്ടിൽ 70 ശതമാനം ജോലി കഴിഞ്ഞു. പാടത്തിനും കൂടലിനും മധ്യേയാണ് ഇപ്പോൾ ടവർ സ്ഥാപിക്കുന്ന ജോലി നടക്കുന്നത്.