ന്യൂഡല്‍ഹി: രാജ്യത്തെ 24 വിമാനത്താവളങ്ങളില്‍ മോശം കാലാവസ്ഥയിലും സുരക്ഷിതമായി ലാന്‍ഡിംഗ് സാദ്ധ്യമാക്കുന്ന ഗ്ലോബല്‍ നാവിഗേഷന്‍ സാറ്റലൈറ്റ് സിസ്റ്റം (ജി എന്‍ എസ് എസ് ) ഏര്‍പ്പെടുത്താന്‍ എയര്‍പോര്‍ട്ട് അതോറിട്ടി തീരുമാനിച്ചതായി റിപ്പോര്‍ട്ട്. ഈവര്‍ഷം അവസാനത്തോടെയാവും പദ്ധതി നടപ്പാക്കുക. പൈലറ്റിന് റണ്‍വേ വ്യക്തമായി കാണാനാവുന്നതിനാല്‍ ലാന്‍ഡിംഗ് സമയത്തെ അപകടസാദ്ധ്യത പരമാവധി കുറയ്ക്കുകയും സര്‍വ്വീസുകള്‍ വഴിതിരിച്ചുവിടുന്നതുമൂലമുളള ബുദ്ധിമുട്ടുകള്‍ ഒഴിവാക്കുകയും ചെയ്യാം.
നിലവില്‍ രാജ്യത്തെ 21 വിമാനത്താവളങ്ങളില്‍ ഈ സംവിധാനം ഏര്‍പ്പെടുത്തിയിട്ടുണ്ട്. കരിപ്പൂര്‍ വിമാനദുരന്തത്തിന്റെ പശ്ചാത്തലത്തിലാണ് കൂടുതല്‍ വിമാനത്താവളങ്ങളില്‍ തിരക്കുപിടിച്ച് പുതിയ സംവിധാനം ഏര്‍പ്പെടുത്താന്‍ തീരുമാനിച്ചതെന്നാണ് കരുതുന്നത്. അപകടത്തിന്റെ ശരിയായ കാരണം ഇതുവരെ വ്യക്തമായിട്ടില്ലെങ്കിലും മോശം കാലാവസ്ഥയാണ് വില്ലനായതെന്നാണ് കരുതുന്നത്. ഡിസംബറിനുളളില്‍ ജി എന്‍ എസ് എസ് ഏര്‍പ്പെടുത്തുന്ന വിമാനത്താവളങ്ങളുടെ പട്ടികയില്‍ കരിപ്പൂരും ഉണ്ടെന്നാണ് അറിയുന്നത്.
പ്രതികൂല കാലാവസ്ഥയില്‍ ലാന്‍ഡിംഗ് കൂടുതല്‍ കാര്യക്ഷമമാക്കാനുളള അന്താരാഷ്ട്രാ സിവില്‍ ഏവിയേഷന്‍ ഓര്‍ഗനൈസേഷന്റെ ആഗോള പദ്ധതിയുടെ ഭാഗമായാണ് ജി എന്‍ എസ് എസ് നടപ്പാക്കുന്നതെന്നും രണ്ടുവര്‍ഷം മുമ്പാണ് ഇന്ത്യ ഇതിന് തുടക്കംകുറിച്ചതെന്നുമാണ് അധികൃതര്‍ പറയുന്നത്.