ഇടുക്കി : മുല്ലപ്പെരിയാറിൽ നിന്ന് തമിഴ്നാട് കൂടുതൽ വെള്ളം കൊണ്ടുപോകണമെന്ന് ആവർത്തിച്ച് വൈദ്യുതി മന്ത്രി കെ. കൃഷ്ണൻ കുട്ടി. നിലവിൽ 2144 ക്യു സെക്സ് വെള്ളം മാത്രമാണ് തമിഴ്നാട് കൊണ്ടുപോകുന്നത്. ഇത് ഉയര്‍ത്തണമെന്ന് ആവശ്യപ്പെട്ട മന്ത്രി മുഖ്യന്ത്രിയുടെ ഓഫീസിനെയും ചീഫ് സെക്രട്ടറിയെയും ഇക്കാര്യം അറിയിച്ചിട്ടുണ്ടെന്നും വ്യക്തമാക്കി. മഴ ശക്തമായതോടെ അണക്കെട്ടുകൾ തുറന്നതിനാൽ ഇടുക്കിയിൽ മാത്രം വൈദ്യുതി വകുപ്പിന് 25 കോടിയുടെ നഷ്ടമുണ്ടായതായും മന്ത്രി കൃഷ്ണൻ കുട്ടി അറിയിച്ചു.
അതേ സമയം ജലനിരപ്പ് ഉയര്‍ന്നതിനാൽ മുല്ലപ്പെരിയാർ അണക്കെട്ടിൽ നിന്നും കൂടുതൽ വെള്ളം തുറന്നു വിടാൻ തീരുമാനിച്ചു. സെക്കന്റില്‍ പതിനായിരം ഘനയടിയിലധികം ഒഴുക്കി വിടും. പെരിയാർ തീരത്ത് താമസിക്കുന്ന വള്ളക്കടവ് മുതൽ വണ്ടിപ്പെരിയാർ വരെയുള്ളവരോട് സ്ഥലത്ത് നിന്നും മാറാൻ കർശന നിർദേശം നൽകി.