കൊച്ചി: കേരള തീരത്ത് മുങ്ങിക്കിടക്കുന്ന എംഎസ്‌സി എൽസ ത്രീയിലെ ടാങ്കുകളിലെ എണ്ണ പുറത്തെടുക്കാൻ 26 ദിവസംവരെ നീണ്ടുനിൽക്കുന്ന ആക്ഷൻപ്ലാൻ തയ്യാറായി. സാൽവറുകൾ (അപകടങ്ങളിലാകുന്ന കപ്പലിന്റെ അവശിഷ്ടങ്ങൾ വീണ്ടെടുക്കുന്ന വിദഗ്ധരുടെ സംഘം) ഇതിന്റെ രൂപരേഖ ഡയറക്ടറേറ്റ് ജനറൽ ഓഫ് ഷിപ്പിങ്ങിന് സമർപ്പിച്ചു. തിരിച്ചറിഞ്ഞ 15 ടാങ്കുകളിലുള്ള എണ്ണ എടുക്കാനുള്ള പ്രവർത്തനങ്ങൾ 26 ദിവസത്തിനകം തീരുമെന്നാണ് പ്രതീക്ഷ. അപകടസാധ്യത പൂർണമായും മാറണമെങ്കിൽ കപ്പൽടാങ്കുകളിലെ എണ്ണ പൂർണമായും നീക്കണം. മൺസൂൺ കാലാവസ്ഥകൂടി കണക്കിലെടുത്ത്, രണ്ട് പുതുക്കിയ ഷെഡ്യൂളുകൾ സമർപ്പിക്കാൻ സാൽവറുകളോട് നിർദേശിച്ചിട്ടുണ്ട്. എല്ലാ ഇന്ധനടാങ്കുകളുടെയും ചോർച്ചയടച്ചതായി ഡയറക്ടറേറ്റ് ജനറൽ ഓഫ് ഷിപ്പിങ് അറിയിച്ചു.
അതേസമയം വിഡിആർ (വോയേജ് ഡേറ്റ റെക്കോഡർ) വീണ്ടെടുക്കാനുള്ള മുങ്ങൽവിദഗ്ധരുടെ തിരച്ചിൽ ഫലംകണ്ടിട്ടില്ല. ഇതുകിട്ടിയാലേ അപകടകാരണം വ്യക്തമാകൂ. 22 എച്ച്എഫ്ഒ സൗണ്ടിങ് പൈപ്പ് അടച്ചതോടെ കപ്പലിന്റെ പരിസരത്ത് എണ്ണച്ചോർച്ചയ്ക്ക് തെളിവുകളൊന്നുമില്ല. അതേസമയം, ചോർച്ച ഉണ്ടാകുന്നുണ്ടോയെന്ന് നിരീക്ഷിക്കാൻ ദൈനംദിന സർവേകൾ തുടരുന്നുണ്ട്.ഇതുവരെ 58 കണ്ടെയ്‌നറുകളാണ് തുറമുഖത്ത് എത്തിച്ചത്. കൊല്ലം, തിരുവനന്തപുരം, കന്യാകുമാരി, രാമേശ്വരം എന്നിവിടങ്ങളിലായി 421 വൊളന്റിയർമാർ ശുചീകരണം തുടരുന്നു. തീരത്തടിഞ്ഞ നർഡിലുകൾക്കായി (പ്ലാസ്റ്റിക് പെല്ലറ്റ്) കൊല്ലത്തിനും കന്യാകുമാരിക്കുമായി താത്ക്കാലിക സംഭരണസ്ഥലങ്ങൾ കണ്ടെത്തി. ശുചീകരണത്തിന് ബെംഗളൂരുവിൽനിന്ന് ബീച്ച് ക്ലീനിങ് വാക്വം യൂണിറ്റും എത്തും.