പാലക്കാട് : വനം വകുപ്പിന്റെ പട്രോളിങ് ശക്തമാക്കുന്നതിനായി 26 പുതിയ വാഹനങ്ങള്‍ അനുവദിച്ചു. 20 ഗൂര്‍ഖ ജീപ്പുകളും ആറ് പ്രത്യേക വാഹനങ്ങളുമാണ് വിവിധ ഓഫീസുകള്‍ക്കായി അനുവദിച്ചത്. വനം വകുപ്പ് ആസ്ഥാനത്ത് സംഘടിപ്പിച്ച ചടങ്ങില്‍ മന്ത്രി എ.കെ ശശീന്ദ്രന്‍ വാഹനങ്ങള്‍ ഫ്‌ളാഗ്‌ഓഫ് ചെയ്തു. ആദ്യവാഹനത്തിന്റെ താക്കോല്‍ മന്ത്രിയില്‍നിന്നു മുഖ്യ വനം മേധാവി പി.കെ കേശവന്‍ ഏറ്റുവാങ്ങി പരുത്തിപ്പള്ളി റേഞ്ച് ഫോറസ്റ്റ് ഓഫീസര്‍ക്ക് കൈമാറി.
പാലക്കാട് ജില്ലയില്‍ വിവിധ വനം ഡിവിഷനുകള്‍ക്കു കീഴിലായി നാല് ഗൂര്‍ഖ ജീപ്പുകളാണ് അനുവദിച്ചത്. വാളയാര്‍, മണ്ണാര്‍ക്കാട്, സുങ്കം, കൊല്ലങ്കോട് റെയ്ഞ്ചുകളിലേക്കാണ് വാഹനങ്ങള്‍ അനുവദിച്ചത്. വാഹനങ്ങള്‍ അതത് റെയ്ഞ്ച് ഓഫീസര്‍മാര്‍ കൈപ്പറ്റി. കുന്നിന്‍പ്രദേശങ്ങള്‍ കയറാനും ദുര്‍ഘടമായ വനപ്രദേശങ്ങളിലൂടെയും ചെളിയുള്ള ഭാഗങ്ങളിലും സഞ്ചരിക്കാനും ഇത്തരം വാഹനങ്ങള്‍ക്ക് പ്രശ്‌നമില്ല. വാഹനത്തില്‍ ആറു പേര്‍ക്ക് സഞ്ചരിക്കാം. രാത്രിയാത്രയ്ക്ക് സഹായകമാവുംവിധം മികച്ച വെളിച്ച സംവിധാനവുമുണ്ട്.
മനുഷ്യ-വന്യജീവി സംഘര്‍ഷം രൂക്ഷമായ പ്രദേശങ്ങളിലെ സംരക്ഷണവിഭാഗം ജീവനക്കാര്‍ക്കാണ് വാഹനങ്ങള്‍ അനുവദിച്ചത്. റെയ്ഞ്ച് ഓഫീസര്‍മാരാവും വാഹനങ്ങള്‍ ഉപയോഗിക്കുക. അടിയന്തരഘട്ടങ്ങളില്‍ വനപാലകരുടെ കാര്യക്ഷമമായ സേവനം ജനങ്ങള്‍ക്ക് വേഗത്തില്‍ ഉറപ്പാക്കുന്നതിനാണ് പുതിയ വാഹനങ്ങള്‍ നല്‍കുന്നതെന്ന് അധികൃതര്‍ പറഞ്ഞു. സംസ്ഥാനത്തൊട്ടാകെ 26 പുതിയ വാഹനങ്ങള്‍ വാങ്ങിയതില്‍ 20 ഗൂര്‍ഖ വാഹനങ്ങളാണുള്ളത്. മലയോര മേഖലകളിലെയും മാവോവാദി പ്രശ്‌നങ്ങള്‍ റിപ്പോര്‍ട്ട് ചെയ്ത മേഖലകളിലെയും പോലീസ് സ്റ്റേഷനുകളിലേക്ക് നേരത്തേ ഗൂര്‍ഖ ജീപ്പുകള്‍ വാങ്ങിയിരുന്നു.
2021-ന്റെ അവസാനത്തിലാണ് ഗൂര്‍ഖയുടെ പുതിയ പതിപ്പ് നിരത്തുകളില്‍ എത്തിയത്. 13.59 ലക്ഷം രൂപയാണ് എക്‌സ്‌ഷോറൂം വില. മോഡുലാര്‍ ആര്‍കിടെക്ചര്‍ പ്ലാറ്റ്ഫോമിനെ അടിസ്ഥാനമാക്കിയാണ് ഗുര്‍ഖ ഒരുങ്ങിയിട്ടുള്ളത്. എല്‍.ഇ.ഡി. ഡി.ആര്‍.എല്ലും പ്രൊജക്ഷന്‍ ഹെഡ്‌ലൈറ്റും നല്‍കിയാണ് ഹെഡ്‌ലാമ്പ് ക്ലെസ്റ്റര്‍ ഒരുങ്ങിയിട്ടുള്ളത്. ബോണറ്റില്‍നിന്ന് നീളുന്ന സ്‌നോര്‍ക്കലും മികച്ച സ്റ്റൈലിങ്ങ് നല്‍കിയിട്ടുള്ള 16 ഇഞ്ച് അലോയി വീലുകളും ഗൂര്‍ഖയെ അലങ്കരിത്തുന്നത്.
2.6 ലിറ്റര്‍ ഡീസല്‍ എന്‍ജിനാണ് ഗുര്‍ഖയുടെ ഹൃദയം. ഇത് 91 പി.എസ്. പവറും 250 എന്‍.എം. ടോര്‍ക്കുമാണ് ഉത്പാദിപ്പിക്കുന്നത്. അഞ്ച് സ്പീഡ് മാനുവല്‍ ഗിയര്‍ബോക്‌സാണ് ട്രാന്‍സ്മിഷന്‍ നിര്‍വഹിക്കുന്നത്. ഫോര്‍ വീല്‍ ഡ്രൈവ് മോഡലായാണ് ഈ വാഹനം എത്തിയിട്ടുള്ളത്. 4116 എം.എം. നീളം, 1812 എം.എം. വീതി, 2075 എം.എം. ഉയരം, 2400 എം.എം. വീല്‍ബേസ് എന്നിങ്ങനെയാണ് ഈ വാഹനത്തിന്റെ പ്രത്യേകതകള്‍.