സിംല: ഹിമാചല്‍ പ്രദേശിലെ മഴക്കെടുതിയില്‍ മരണം 29 ആയി. സിംല നഗരത്തില്‍ കനത്തെ മഴയെ തുടര്‍ന്നുണ്ടായ മണ്ണിടിച്ചിലില്‍ സിംല നഗരത്തിലെ സമ്മര്‍ഹില്‍ ക്ഷേത്രം തകര്‍ന്ന് വീണ് 9 പേരും സോളനിലുണ്ടായ മേഘ വിസ്ഫോടനത്തില്‍ 7 പേരും മരിച്ചു. തകര്‍ത്തുപെയ്ത മഴയെ തുടര്‍ന്ന് സംസ്ഥാനത്ത് വ്യാപകമായി മണ്ണിടിച്ചില്‍ ഉണ്ടായി. റോഡ് ഗതാഗതം പൂര്‍ണമായി സ്തംഭിച്ച നിലയിലാണ്.
സമ്മര്‍ഹില്ലിലെ ശിവക്ഷേത്രത്തിനകത്ത് 15 പേര്‍ കുടുങ്ങിക്കിടക്കുന്നതായാണ് റിപ്പോര്‍ട്ടുകള്‍. സാവന്‍ കാലമായതിനാല്‍ ക്ഷേത്രത്തില്‍ ധാരാളം ഭക്തരെത്തിയിരുന്നു. മരിച്ചവരില്‍ ഏഴുപേരുടെ മൃതദേഹം കണ്ടെടുത്തതായി മുഖ്യമന്ത്രി പറഞ്ഞു. സോളന്‍ ജില്ലയിലെ മേഘവിസ്ഫോടനത്തില്‍ ഏഴ് പേര്‍ മരിച്ചു. ഒരു കുടുംബത്തിലെ അംഗങ്ങളാണ് മരിച്ചത്. ആറ് പേരെ രക്ഷപ്പെടുത്തി. രണ്ടുവീടുകളും ഗോശാലകളും ഒലിച്ചുപോയി. ഏഴ് പേരുടെ മരണത്തില്‍ മുഖ്യമന്ത്രി സുഖ്വിന്ദര്‍ സിങ് സുഖു അനുശോചനം അറിയിച്ചു.