തൃശ്ശൂര്‍ : കൊരട്ടിയില്‍ 30 ലക്ഷം രൂപയുടെ നിരോധിത പുകയില ഉല്‍പ്പന്നങ്ങളുമായി രണ്ട് പേര്‍ പിടിയിലായി. സോപ്പ് എന്ന വ്യാജേന കടത്തിക്കൊണ്ടുവന്ന 92 ചാക്ക് പുകയില ഉത്പന്നങ്ങളാണ് പിടികൂടിയത്. പെരുമ്പാവൂര്‍ സ്വദേശികളായ അനൂപ്, മൂസ എന്നിവരാണ് പിടിയിലായത്. കര്‍ണാടകയിലെ മൈസൂരുവില്‍ നിന്നുമാണ് പ്രതികള്‍ ലഹരിവസ്തുക്കള്‍ കടത്തിക്കൊണ്ടുവന്നിരുന്നത്.
നാഷണല്‍ പെര്‍മിറ്റ് ലോറിയില്‍ സോപ്പ് ഉല്‍പന്നങ്ങള്‍ എന്ന വ്യാജേനയാണ് ഇവര്‍ നിരോധിത പുകയില ഉത്പന്നങ്ങള്‍ സംസ്ഥാനത്തേക്ക് എത്തിച്ചത്. ഓപ്പറേഷന്‍ ആഗസ്റ്റ് ക്യാമ്പയിന്റെ ഭാഗമായുള്ള പരിശോധനയില്‍ തൃശ്ശൂര്‍ റൂറല്‍ എസ്പിയുടെ നേതൃത്വത്തിലുള്ള പ്രത്യേക സംഘവും കൊരട്ടി പോലീസും ചേര്‍ന്നാണ് പ്രതികളെ പിടികൂടിയത്.
സംസ്ഥാനത്തിന്റെ വിവിധ ഭാഗങ്ങളിലേക്ക് മൊത്തവിതരണത്തിനായി കൊണ്ടുവന്ന ഹാന്‍സ് ഉള്‍പ്പടെയുള്ള നിരോധിത പുകയില ഉല്‍പന്നങ്ങളാണ് പിടിച്ചെടുത്തത്. 92 ചാക്കുകളിലായി സൂക്ഷിച്ച ഹാന്‍സ്, ശിക്കാര്‍, എസ്.എസ് വണ്‍ എന്നിങ്ങനെ പല പേരുകളിലുള്ള നിരോധിത പുകയില ഉല്‍പ്പന്നങ്ങളാണ് ചാക്കുകളില്‍ ഉണ്ടായിരുന്നത്. അന്യസംസ്ഥാനങ്ങളില്‍ നിന്നും കേരളത്തിലേക്ക് ലഹരി ഉത്പന്നങ്ങള്‍ വന്‍തോതില്‍ എത്തുന്നുണ്ടെന്ന് പോലീസിന് രഹസ്യ വിവരം ലഭിച്ചിരുന്നു.