തിരുവനന്തപുരം : പിണറായി സര്‍ക്കാരിന്റെ ആദ്യ ബജറ്റ് ജൂണ്‍ നാലിന് ധനമന്ത്രി കെ.എന്‍. ബാലഗോപാല്‍ അവതരിപ്പിക്കും.പുതിയ പ്രഖ്യാപനങ്ങളൊപ്പം ജനുവരിയില്‍ തോമസ് ഐസക് അവതരിപ്പിച്ച ബജറ്റില്‍ കൂട്ടിച്ചേര്‍ക്കലുകള്‍ വരുത്തി ബജറ്റ് പ്രസംഗവും ഉണ്ടാവും.
ദാരിദ്ര്യ നിര്‍മാര്‍ജനം ഉള്‍പ്പടെയുള്ള നയങ്ങള്‍ നടപ്പാക്കുന്നതിനുള്ള പദ്ധതികള്‍ക്കും രൂപം നല്‍കും. ഒപ്പം സര്‍ക്കാര്‍ തുടര്‍ന്ന് സ്വീകരിക്കാനിരിക്കുന്ന ആശ്വാസനടപടികളും ബജറ്റില്‍ പ്രഖ്യാപിക്കും. പതിവുപോലെ ദീര്‍ഘമാകില്ലെന്നും ബാലഗോപാല്‍ പറഞ്ഞു. അതേസമയം പുതുക്കിയ ബജറ്റ് ഉടന്‍ പാസാക്കില്ല. അതിനായി അടുത്ത സമ്മേളനംവരെ കാത്തിരിക്കണം. ബജറ്റ് പാസാക്കുന്നതുവരെയുള്ള ചെലവുകള്‍ നിര്‍വഹിക്കാന്‍ പുതുക്കിയ വോട്ട് ഓണ്‍ അക്കൗണ്ട് 10-ന് നിയമസഭയില്‍ അവതരിപ്പിക്കും.
കഴിഞ്ഞ പിണറായി സര്‍ക്കാരില്‍ തോമസ് ഐസക് ബജറ്റ് അവതരിപ്പിച്ചതിനുശേഷമാണ് 15-ാം ധനകാര്യകമ്മിഷന്റെ ശുപാര്‍ശകള്‍ വന്നത്. ഇതിനനുസരിച്ച് കഴിഞ്ഞ ബജറ്റിലെ വകയിരുത്തലുകള്‍ക്ക് മാറ്റംവരുത്തണം. അതിനുള്ള തിരുത്തലുകളും പുതിയ ബജറ്റില്‍ ഉണ്ടാവും.