തിരുവനന്തപുരം : സംസ്ഥാനത്ത് ഇന്ന് കൊവിഡ് ബാധിച്ച് മരിച്ചവരുടെ എണ്ണം ഒന്‍പതായി. തിരുവനന്തപുരം, കോഴിക്കോട്, എറണാകുളം, കോട്ടയം, പത്തനംതിട്ട, മലപ്പുറം, കാസര്‍കോട് സ്വദേശികളാണ് മരിച്ചത്.
കോഴിക്കോട് റൂറല്‍ എസ്.പി ഓഫീസ് ജീവനക്കാനായ ഷാഹിന്‍ ബാബു (47), മാവൂര്‍ സ്വദേശി സുലു (49), കളമശ്ശേരി മെഡിക്കല്‍ കോളേജില്‍ ചികിത്സയിലായിരുന്ന ആലുവ തായ്‌ക്കാട്ടുകാര സദാനന്ദന്‍ (57), മൂത്തകുന്നം കോട്ടുവളളിക്കാട് തറയില്‍ വൃന്ദ ജീവന്‍ (54), തിരുവല്ല സ്വദേശി ഏനത്ത് രാഘവന്‍ നായര്‍ (80), മഞ്ചേരി മെഡിക്കല്‍ കോളേജില്‍ ചികിത്സയിലായിരുന്ന മലപ്പുറം പൂക്കോട്ടൂര്‍ സ്വദേശി ഇല്യാസ് (47), എസ് എ ടി ആശുപത്രിയില്‍ ചികിത്സയിലായിരുന്ന ചെന്നൈ സ്വദേശിനി വിജയ (31), തിരുവനന്തപുരം മെഡിക്കല്‍ കോളേജില്‍ ചികിത്സയിലുണ്ടായിരുന്ന കാട്ടാക്കട സ്വദേശി പ്രതാപന്‍ ചന്ദ്രന്‍ (62), കാസര്‍കോട് സ്വദേശി ലീല എന്നിവരാണ് മരിച്ചത്.
ഷാഹിന്‍ ബാബു ഓഗസ്റ്റ് 13 മുതല്‍ കൊവിഡ് ബാധിച്ച് ചികിത്സയിലായിരുന്നു. മറ്റ് ആരോഗ്യ പ്രശ്നങ്ങള്‍ ഉണ്ടായിരുന്നില്ല. സുലു അര്‍ബുദ രോഗിയായിരുന്നു എന്നാണ് റിപ്പോര്‍ട്ട്. സദാനന്ദന് ഹൃദ്രോഗവും രക്തസമ്മര്‍ദ്ദവും പ്രമേഹവും ഉണ്ടായിരുന്നു. വൃന്ദ അര്‍ബുദ ബാധിതയായിരുന്നു.
എസ് എ ടി ആശുപത്രിയില്‍ ഇന്നലെ രാത്രിയായിരുന്നു വിജയയുടെ മരണം. ചെന്നൈ സ്വദേശിയായ വിജയ വിഴിഞ്ഞത്താണ് താമസിച്ചിരുന്നത്. കഴിഞ്ഞ ദിവസം ഇവര്‍ പെണ്‍കുഞ്ഞിന് ജന്മം നല്‍കിയിരുന്നെങ്കിലും കുഞ്ഞ് പ്രസവ സമയത്ത് തന്നെ മരിച്ചിരുന്നു. മെഡിക്കല്‍ കോളജില്‍ ഇന്ന് രാവിലെയായിരുന്നു പ്രതാപന്റെ മരണം. ഹൃദയ, ശ്വാസകോശ രോഗങ്ങള്‍ ഉണ്ടായിരുന്നു. ഇദ്ദേഹത്തിന്റെ കുടുംബത്തിലെ 9 അംഗങ്ങള്‍ക്കും കൊവിഡ് സ്ഥിരീകരിച്ചിരുന്നു.