പ്രമാടം : വർഷങ്ങൾ നീണ്ട കാത്തിരിപ്പിനൊടുവിൽ പ്രമാടം പഞ്ചായത്തുപടി – കൊട്ടിപ്പിള്ളേത്ത് (ഷാപ്പുപടി) – ഐരത്ത് വിള റോഡ് നവീകരിക്കുന്നതിന് നടപടിയായി. അഡ്വ.കെ.യു.ജനീഷ് കുമാർ എം.എൽ.എയുടെ ഫണ്ടിൽ നിന്ന് 3.85 കോടി രൂപ അനുവദിച്ചു. 3.400 കിലോമീറ്റർ നീളത്തിൽ 3.80 മീറ്റർ വീതി ഉണ്ടായിരുന്ന റോഡ് 5.5 മീറ്റർ വീതിയിലാണ് നവീകരിക്കുന്നത്. റോഡിന്റെ വശങ്ങളിൽ ആവശ്യമായ ഇടങ്ങളിൽ ഓടയും ഐറിഷ് ഓടയും വിഭാവനം ചെയ്തിട്ടുണ്ട്. വിവിധ ഇടങ്ങളിൽ സംരക്ഷണഭിത്തികളും സുരക്ഷാ പ്രവർത്തികളും ഒരുക്കും. പ്രമാടം ഗ്രാമപഞ്ചായത്തിലെ 17-ാം വാർഡായ ളാക്കൂരിലാണ് ഈ റോഡ്. ടാറിംഗ് ഇളകി മെറ്റൽ റോഡിൽ നിരന്ന് അപകടങ്ങൾ സംഭവിക്കാൻ തുടങ്ങിയിട്ട് അഞ്ച് വർഷത്തോളമായി.
വാഹനങ്ങൾ കയറി മെറ്റൽ തെറിച്ച് വീടുകളുടെ ജനൽ ചില്ലുകൾ തകർന്നതും കാൽനട യാത്രക്കാർക്ക് പരിക്കേറ്റതും നാട്ടുകാരുടെ പ്രതിഷേധത്തിന് കാരണമായിരുന്നു. പ്രമാടം പഞ്ചായത്തിലും പൊതുമരാമത്ത് വകുപ്പ് ഓഫീസിലും നാട്ടുകാർ പലതവണ പരാതികൾ നൽകിയെങ്കിലും നടപടി ഉണ്ടായില്ല. ചന്ദനപ്പള്ളി ഭാഗത്ത് നിന്നുള്ള വാഹനങ്ങൾക്ക് പൂങ്കാവ്, കോന്നി ജംഗ്ഷനുകൾ ചുറ്റിക്കറങ്ങാതെ വകയാർ, പുനലൂർ, പത്തനാപുരം ഭാഗങ്ങളിലേക്ക് എളുപ്പത്തിൽ പോകാൻ കഴിയുന്ന റോഡാണിത്. ശബരിമല മണ്ഡലകാലത്ത് അച്ചൻകോവിൽ, തമിഴ്നാട് ഭാഗങ്ങളിൽ നിന്ന് നിരവധി വാഹനങ്ങൾ ഇതുവഴി എത്താറുണ്ട്.