നെടുമ്പാശേരി : ഗള്‍ഫില്‍ നിന്നും മൂന്ന്‍ വിമാനങ്ങള്‍ കൂടി പ്രവാസി മലയാളികളുമായി നെടുമ്പാശേരിയിലെത്തി. ദുബൈ, അബുദാബി, ബഹ്റിന്‍ എന്നിവിടങ്ങളില്‍ നിന്നാണ് വിമാനങ്ങൾ എത്തിയത്. ദുബൈ, അബുദാബി എന്നിവിടങ്ങളില്‍ നിന്നും എയര്‍ ഇന്ത്യ എക്സ് പ്രസ്സ് വിമാനവും ബഹ്‌റൈനില്‍ നിന്നും ഗള്‍ഫ് എയര്‍ വിമാനവുമാണ് പ്രവാസികളുമായി നെടുമ്പാശേരിയിലെത്തിയത്.
ദുബൈയില്‍ നിന്നുള്ള വിമാനം രാത്രി 7.21 നും അബുദാബിയില്‍ നിന്നുള്ള വിമാനം രാത്രി 8.40 നും ബഹറിനില്‍ നിന്നുള്ള വിമാനം രാത്രി 6.45 നുമാണ് എത്തിയത്. ദുബൈ വിമാനത്തില്‍ രണ്ട് കൈക്കുഞ്ഞുങ്ങള്‍ അടക്കം 179 പേരും അബുദാബി വിമാനത്തില്‍ ഒരു കൈക്കുഞ്ഞടക്കം 181 പേരും ബഹറിനില്‍ നിന്നുള്ള വിമാനത്തില്‍ 127 പേരുമാണ് ഉണ്ടായിരുന്നത്. ബഹറിനില്‍ വിവിധ കേസുകളില്‍ പെട്ട് ജയിലില്‍ കഴിയവെ പൊതുമാപ്പ് ലഭിച്ചവരാണ് മടങ്ങിയെത്തിയത്. ഗള്‍ഫ് എയര്‍ വിമാനത്തില്‍ ബഹറിന്‍ പൗരന്മാരായ 60 പേര്‍ നെടുമ്പാശേരിയില്‍ നിന്നും നാട്ടിലേക്ക് മടങ്ങുകയും ചെയ്തു.
ദുബൈയില്‍ നിന്നും മടങ്ങിയെത്തിയ വിമാനത്തില്‍ 35 ഗര്‍ഭിണികളും, അടിയന്തിര ചികിത്സ ആവശ്യമായ 46 പേരും ജോലിയില്ലാതെ കുടുങ്ങിയിരുന്ന 53 പേരും മുതിര്‍ന്ന പൗരന്മാരായ 13 പേരും മറ്റുള്ള വിഭാഗത്തില്‍പ്പെട്ട 30 പേരുമാണ് ഉണ്ടായിരുന്നത്. അബുദാബിയില്‍ നിന്നും എത്തിയ വിമാനത്തില്‍ ഏറ്റവും കൂടുതല്‍ തൃശ്ശൂര്‍ സ്വദേശികളായിരുന്നു. 43 പേര്‍. ആലപ്പുഴ 17, എറണാകുളം 31, ഇടുക്കി 9, കണ്ണൂര്‍ 4, കാസര്‍കോട് 3, കൊല്ലം 5, കോട്ടയം 19. കോഴിക്കോട് 2, മലപ്പുറം 17, പാലക്കാട് 16, പത്തനംതിട്ട 7, തിരുവനന്തപുരം 4 എന്നിങ്ങനെയാണ് മറ്റ് ജില്ലകളില്‍ നിന്നും മടങ്ങിയെത്തിയവര്‍.